chaithra

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓ‌ഫീസിൽ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാർശയില്ല. ഇതുസംബന്ധിച്ച് എഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോർട്ട് കെെമാറി. റെയ്ഡിൽ നിയമപരമായി തെറ്റി‌ല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽകയറി റെയ്ഡ് നടത്തുമ്പോൾ അൽപം കൂടി ജാഗ്രത ഡി.സി.പി കാണിക്കണമായിരുന്നുവെന്ന് എ.ഡി.ജി.പി പരമാർശമുണ്ട്.

പത്ത് മിനിറ്റോളം മാത്രമാണ് ഡി.സി.പിയും സംഘവും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽചിലവിട്ടതെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നിയമവിരുദ്ധമായി ഒന്നും തന്നെ ഡി.സി.പി ചെയ്‌തിട്ടില്ലെന്ന് എ.ഡി.ജി.പി സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും തരത്തിൽ ബലപ്രയോഗമോ സംഘർഷമോ പൊലീസ് സംഘം സൃഷ്ടിച്ചിട്ടില്ല. റെയ്ഡിന്റെ വിശദാംശങ്ങൾ ഡി.സി.പി അടുത്ത ദിവസം തന്നെ കോടതിയെ അറിയിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചട്ടങ്ങൾ പാലിച്ചായിരുന്നു റെയ്ഡ് എന്നാണ് ചൈത്ര അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിശ്വസനീയ വിവരമനുസരിച്ചായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടെ അവർക്കു ലഭിച്ച ഫോൺകാളിൽ നിന്ന് പ്രതികൾ പാർട്ടി ഓഫിസിലുണ്ടെന്നു വ്യക്തമായി. പരിശോധനയ്ക്കു പിന്നാലെ കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈത്രയുടെ റിപ്പോർട്ടിൽ പറയുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരിൽ നിന്നു കൂടി മെഴിയെടുത്ത ശേഷമാണ് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചത്.

പോക്‌സോ കേസിൽ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്‌ത ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ കാണാൻ അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു നേരെ കല്ലേറു നടത്തിയിരുന്നു. ഇവരെ തേടിയായിരുന്നു റെയ്ഡ്.