തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‌ഡിൽ ഡി.സി.പി ചൈത്ര തെരേസ ജോണിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്‌ത്തിക്കാണിക്കാനുള്ള പ്രവണത ചിലർക്കുണ്ട്. അത്തരക്കാർക്ക് ചിലർ വഴിപ്പെടുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മറുപടി നൽകുമ്പോഴായിരുന്നു പിണറായിയുടെ വിമർശം.
പാർട്ടി ഓഫീസിൽ കയറി പരിശോധന നടത്തിയത് ശരിയല്ല. റെയിഡ് നടത്തിയിട്ട് ഒരു പ്രതിയെ പോലും പിടിക്കാനും കഴിഞ്ഞില്ല. ഇതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയ്‌ക്ക് ഒരു പ്രതികരണവും പ്രതിപക്ഷത്തു നിന്നും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഡി.സി.പി നടത്തിയ റെയിഡിൽ നിയമപരമായി തെറ്റൊന്നുമില്ലെന്ന റിപ്പോർട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കൈമാറിയതായാണ് സൂചന. എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തുമ്പോൾ അൽപം കൂടി ജാഗ്രത ഡി.സി.പി കാട്ടണമായിരുന്നെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.