india-newzeland

മൗണ്ട് മൗംഗാനൂയി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 244 റൺസ് വിജയലക്ഷ്യം. ആതിഥേയർ 49 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ഒരു ഓവർ ബാക്കിനിൽക്കെ 243 റൺസിനാണ് ഓൾഔട്ടാവുകയായിരുന്നു. 93 റൺസെടുത്ത റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ്പ് സ്‌കോറർ. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റെടുത്തപ്പോൾ പാണ്ഡ്യ, ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.

രണ്ട് വിക്കറ്റും വണ്ടർ ക്യാച്ചുമായി ഹാർദിക് പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. മിഡ് വിക്കറ്റിൽ ഇടത്തോട്ട് മുഴുനീള ഡൈവിംഗിലായിരുന്നു പാണ്ഡ്യയുടെ സാഹസികത. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് സ്‌കോർ കാർഡിൽ 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർ കോളിന്‍ മൺറോയെ(7) നഷ്ടമായി. രണ്ടാം ഓവറിൽ ഷമിക്കാണ് വിക്കറ്റ്. റോസ് ടെയ്‌ലർ – ടോം ലാഥം കൂട്ടുകെട്ടിൽ 119 റൺസാണ് നേടിയത്. ടെയ്‍ലർ 106 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 93 റൺസോടെയും ലാഥം 64 പന്തിൽ ഒന്നു വീതം സിക്സും ബൗണ്ടറിയും സഹിതം 51 റൺസെടുത്തും പുറത്തായി.

കഴിഞ്ഞദിവസം ഇതേ വേദിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 90 റൺസിന് ജയിച്ച് പരമ്പരയിൽ 2-0 ത്തിന് മുന്നിലെത്തിയിരുന്നു. ഇന്ന് കൂടിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. പരമ്പര കൈവിടാതിരിക്കാൻ ആതിഥേയർക്കുള്ള അവസാന അവസരമാണിത്. ആസ്ട്രേലിയയിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ നേടിയശേഷം കിവീസിലേക്കെത്തിയ ഇന്ത്യ പ്രതീക്ഷപോലെയൊരു വെല്ലുവിളി ഉയർത്താൻ ആതിഥേയർക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കഴിഞ്ഞിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും മികവ് കിട്ടാൻ ഇന്ത്യയ്ക്കാവുകയും ചെയ്തു. ആദ്യമത്സരത്തിൽ പേസർ ഷമിയായിരുന്നു വജ്രായുധമെങ്കിൽ രണ്ടാം ഏകദിനത്തിൽ കുൽദീപും ചഹലും ചേർന്ന് കിവീസ് ബാറ്റിംഗ് നിരയെ തകർക്കുകയായിരുന്നു.