കോഴിക്കോട്: കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ വൈകുന്ന കേരള സർക്കാരിന് പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് കത്ത് തിരിച്ചടിയായി. അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസിന് അർഹതയുണ്ടെന്നറിയിച്ച് കേരളത്തിലെ 18 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കത്തയച്ചു. പദ്ധതി നടത്തിപ്പിനായി ഇൻഷ്വറൻസ് കമ്പനിയെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ പോലും സംസ്ഥാന സർക്കാർ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അത് ഏറെ ചർച്ച ചെയ്യപ്പെടും.
നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരതിനോട് തുടക്കത്തിൽ മുഖം തിരിഞ്ഞതാണ് സംസ്ഥാനത്തിന് വിനയായത്. ആർ.എസ്.ബി.വൈ പദ്ധതിയുള്ളതിനാൽ കേരളത്തിന് മോദികെയർ പദ്ധതി ആവശ്യമില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. മോദികെയർ വെറും ഗിമിക്കാണെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. എന്നാൽ പ്രതിഷേധം ശക്തമായതോടെ കേരളം വഴങ്ങുകയായിരുന്നു.
അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടേയുള്ളൂ. കുറഞ്ഞത് രണ്ടു മാസമെങ്കിലും കഴിഞ്ഞേ ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. ഇതിനിടെയാണ് കേരളത്തിലെ 18 ലക്ഷത്തോളം പേർക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസിന്റെ അർഹത അറിയിച്ച് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്.
സ്പീഡ് പോസ്റ്റിലയച്ച കത്ത് ഇതിനകം സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം പേർക്ക് കിട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ കിട്ടും. കത്തിനൊപ്പം ഗുണഭോക്താവിന്റെ അർഹത വ്യക്തമാക്കുന്ന നമ്പറുമുണ്ട്. കത്തിനോടൊപ്പം ആധാർ കാർഡും ആശുപത്രിയിൽ ഹാജരാക്കിയാൽ ഇൻഷ്വറൻസ് അർഹതയുണ്ടാകും. പദ്ധതിക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്കു പകരം 2011ലെ സാമൂഹ്യ സാമ്പത്തിക സെൻസസ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി കത്തയച്ചത്.
ഇനി എന്ത്
പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നൽകണം. കത്ത് കിട്ടിയവർ ചികിത്സ തേടിയെത്തിയാൽ സംസ്ഥാന സർക്കാരിന് തലവേദനയാകും. തത്കാലം ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം നൽകുന്ന 30,000 രൂപാ വരെയുള്ള ചികിത്സ മാത്രമെ സർക്കാരിന് നൽകാനാകൂ. തിരഞ്ഞെടുപ്പ് സമയത്ത് ഇത് വിവാദത്തിന് വഴിവയ്ക്കും.