kumaraswamy-warns-congres

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിൽ പടലപ്പിണക്കങ്ങളുണ്ടെന്ന റിപ്പോർട്ടുകളെ ശരിവയ്‌ക്കുന്ന രീതിയിലുള്ള പ്രസ്‌താവനയുമായി മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ നിലയ്‌ക്ക് നിറുത്തണമെന്നും കോൺഗ്രസിന് താത്പര്യമില്ലെങ്കിൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സഖ്യസർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ഓപ്പറേഷൻ ലോട്ടസുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്‌താവനയെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ മുഖ്യമന്ത്രി സിദ്ദരാമയ്യയാണെന്ന കോൺഗ്രസ് എം.എൽ.എമാരുടെ പ്രസ്‌താവനയാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് വിഷയത്തിൽ കുമാരസ്വാമി പരസ്യ പ്രസ്‌താവന നടത്തുന്നത്.

കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് കുമാരസ്വാമി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സിദ്ദരാമയ്യയാണ് അവരുടെ മുഖ്യമന്ത്രിയെന്ന പ്രസ്‌താവനയെക്കുറിച്ച് കോൺഗ്രസുകാരോട് തന്നെ ചോദിക്കണം. ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ താൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കും. തങ്ങളുടെ എം.എൽ.എമാരെ നിലയ്‌ക്ക് നിറുത്താൻ കോൺഗ്രസ് തയ്യാറാകണം. കോൺഗ്രസ് എം.എൽ.എമാർ പരിധി വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമാരസ്വാമിയ്‌ക്ക് കീഴിയിലുള്ള സർക്കാരിന് സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചില കോൺഗ്രസ് എം.എൽ.എമാർ കുറ്റപ്പെടുത്തിയിരുന്നു. സിദ്ദരാമയ്യയ്‌ക്ക് ഒരു തവണ കൂടി ലഭിച്ചിരുന്നെങ്കിൽ സംസ്ഥാനത്തിന് കൂടുതൽ വികസനം ഉണ്ടാകുമായിരുന്നെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് എം.എൽ.എ എസ്.ടി.സോമശേഖരൻ പറഞ്ഞിരുന്നു. ഇതിന് പുറമെ തങ്ങളുടെ മനസിൽ ഇപ്പോഴും മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെയാണെന്ന് കോൺഗ്രസ് മന്ത്രി പുത്തരംഗ ഷെട്ടിയും പറഞ്ഞു.