കൊല്ലം: ബ്രാൻഡഡ് അരിയാക്കി മാറ്റി മൂന്ന് ലോറികളിലായി കടത്തുകയായിരുന്ന 790 ചാക്ക് റേഷൻ അരി പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് കടത്തിയ റേഷൻ സാധനങ്ങളാണ് പാരിപ്പള്ളി എസ്.ഐ പി.രാജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 10 നും 11 നും ഇടയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.
വണ്ടി നമ്പർ സഹിതം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച സന്ദേശമാണ് ലോറികൾ പിടികൂടാൻ സഹായകരമായത്. പത്തോടെ ആദ്യ ലോഡ് പിടിയിലായെങ്കിലും പന്തികേട് മനസിലാക്കി മറ്റ് രണ്ട് ലോറികൾ ഓട്ടം അവസാനിപ്പിച്ച് ഊടുവഴികളിൽ കറങ്ങുകയായിരുന്നു. എന്നാൽ പിടിയിലായ ലോറി ഡ്രൈവറെക്കൊണ്ട് മറ്ര് രണ്ട് ലോറികളിലെ ഡ്രൈവർമാരെ വിളിച്ചുവരുത്തി പൊലീസ് കെണിയൊരുക്കി. പൂവാറിൽ കാർത്തികേയൻ എന്ന ആൾ നടത്തുന്ന അരി മില്ലിൽ നിന്ന് എറണാകുളം ജില്ലയിലെ വിവിധ ചില്ലറ കച്ചവട കേന്ദ്രങ്ങളിലേക്ക് കടത്തിയ അരിയാണ് പിടിച്ചത്.
ഇന്ന് രാവിലെ പൊതുവിതരണ വകുപ്പ് അധികൃതരെത്തി കൂടുതൽ അന്വേഷണം നടത്തും. അവശ്യവസ്‌തു നിയമം അനുസരിച്ച് വാഹനങ്ങൾ ജില്ലാ കളക്‌ടറുടെ കസ്‌റ്റഡിയിലേക്ക് കൈമാറും. മൂന്ന് ഡ്രൈവർമാരും പൊലീസ് കസ്‌റ്റഡിയിലാണ്. റേഷനരി സംഭരിക്കാൻ കാർത്തികേയന് പൂവാറിൽ രഹസ്യ ഡിപ്പോയുണ്ടെന്ന് പൊലീസ് പറഞ്ഞു.
കിലോയ്‌ക്ക് രണ്ട് രൂപയുള്ള റേഷനരി ലൈസൻസികൾക്ക് 10 രൂപാ വില നൽകിയാണ് കാർത്തികേയൻ വാങ്ങിയിരുന്നത്. മില്ലിൽ നിറം പിടിപ്പിക്കുന്ന അരി കിലോയ്‌ക്ക് 40 രൂപാ പരമാവധി വിൽപ്പന വിലയിട്ടാണ് ഓപ്പൺ മാർക്കറ്റിൽ എത്തിക്കുന്നത്. പൂവാറിൽ നിന്ന് ദേശീയപാത വഴി മൂന്ന് ലോറികൾ എത്തിയിട്ടും തിരുവനന്തപുരം ജില്ല വിടുന്നത് വരെ ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അധികൃതർ ചൂണ്ടിക്കാട്ടി.