laluprasad

ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതി കേസിൽ മുൻ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിയ്‌ക്കും മകൻ തേജസ്വി യാദവിനും ഡൽഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം മൂന്നുപേരും കെട്ടിവയ്‌ക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യം ലഭിച്ചെങ്കിലും കാലിത്തീറ്റ അഴിമതിക്കേസിൽ പ്രതിയായതിനാൽ ലാലു ജയിലിൽ തുടരേണ്ടി വരും. ഫെബ്രുവരി 11നാണ് ഇനി കേസ് പരിഗണിക്കുക.

ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ടെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ഐ.ആർ.സി.ടി.സി അഴിമതി കേസിൽ 2018 ഏപ്രിൽ 16 നാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

2016ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ഐ.ആർ.സി.ടി.സിയുടെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ കരാർ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിൽ കൈക്കൂലിയായി പട്‌നയിലെ മൂന്ന് ഏക്കർ വാണിജ്യ സ്ഥലം സ്വീകരിച്ചു എന്നാണ് ആരോപണം. ഐ.ആർ.സി.ടി.സി ഹോട്ടൽ അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി കവിഞ്ഞ ആഗസ്റ്റ് 24നാണ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ ജേതസ്വി യാദവ് എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ 44 കോടിയുടെ ആസ്‌തി എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇവർക്കെതിരെ കേസെടുത്തത്.