ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കനത്ത തിരിച്ചടി നേരിടുമെന്ന അഭിപ്രായ സർവേകൾ ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. രാജ്യഭരണത്തിന് നിർണായകമാകുമെന്ന് കരുതുന്ന ഉത്തർപ്രദേശിൽ നിന്നും പാർട്ടിക്ക് നിരവധി സീറ്റുകൾ കുറയുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. സീറ്റുകൾ കുറഞ്ഞേക്കാമെന്ന് പാർട്ടിയിലെ ആഭ്യന്തര സർവേയും സമ്മതിക്കുന്നു. എന്നാൽ ഇതിനെ നേരിടാൻ ബി.ജെ.പി പുതിയ തന്ത്രങ്ങൾ മെനയുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുറവ് വരുന്ന സീറ്റുകൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് പിടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി കേരളത്തിലും തമിഴ്നാട്ടിലുമെത്തിയത് ബി.ജെ.പിയുടെ മാറുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ സൂചനയാണെന്നാണ് നിരീക്ഷണം.
5 സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശം 1
ബി.ജെ.പി കണ്ണുവയ്‌ക്കുന്ന ഉത്തരേന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണുള്ളത്.കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവടങ്ങളിൽ നിന്ന് ആകെ 120 സീറ്റുകളാണുള്ളത്. ഒപ്പം പുതുച്ചേരിയെന്ന കേന്ദ്രഭരണ പ്രദേശവും. ഇതിൽ കർണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ഇതുവരെ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. കർണാടകത്തിൽ ആകെയുള്ള 28 സീറ്റുകളിൽ 17 എണ്ണവും ബി.ജെ.പിക്ക് സ്വന്തമാണ്. കേരളത്തിൽ നിലവിൽ ഒരു സീറ്റും ബി.ജെ.പിക്കില്ല. തമിഴ്നാട്ടിൽ രണ്ട് സീറ്റുകളുണ്ട്. എന്നാൽ സഖ്യകക്ഷിയായിരുന്ന ടി.ഡി.പി വിട്ടുപോയതോടെ ആന്ധ്രാപ്രദേശിൽ രണ്ട് സീറ്റും തെലങ്കാനയിൽ ഒരുസീറ്റുമായി ചുരുങ്ങി.
നിലവിലെ സീറ്റ് നില ഇങ്ങനെ (ആകെ സീറ്റുകൾ, ബി.ജെ.പിക്ക് ഇപ്പോഴുള്ളത് എന്ന ക്രമത്തിൽ)
കർണാടക - 28 - 17
തമിഴ്നാട് - 39 - 2
കേരള - 20 - 0
ആന്ധ്രാപ്രദേശ് - 25 - 2
തെലങ്കാന - 17 - 1
മോദിയുടെ പ്രസംഗം
കഴിഞ്ഞ ദിവസം മോദി മധുരയിലും കേരളത്തിലും നടത്തിയ പ്രസംഗത്തിലും കോൺഗ്രസ്, സി.പി.എം തുടങ്ങിയ പാർട്ടികളെയാണ് വിമർശിച്ചത്. ഇതിലും പ്രാദേശിക പാർട്ടികളെ ഒഴിച്ച് നിറുത്താൻ മോദി ശ്രദ്ധിച്ചിരുന്നു. ആവശ്യമെങ്കിൽ പ്രാദേശിക പാർട്ടികളെ ഒപ്പം നിറുത്തി ഈ സംസ്ഥാനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. നിലവിൽ 37 സീറ്റുകളുള്ള അണ്ണാ ഡി.എംകെയുമായി സഖ്യത്തിൽ ഏർപ്പെടാൻ ബി.ജെ.പി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയ്‌ക്കും ഇതിൽ താത്പര്യമുണ്ടെന്നാണ് വിവരം. ഇതിനോടൊപ്പം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തിനെ ഒപ്പം നിറുത്താനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.
ശബരിമല വിഷയം
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി തങ്ങൾക്ക് ലഭിച്ച സുവർണാവസരമാണെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്നും ആചാരങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇതിന്റെ സൂചനയാണ്. ഇതിനോടൊപ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയും മോദി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. തിരഞ്ഞെടുപ്പിലും ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനാണ് ബി.ജെ.പിയിലെ ധാരണ. കൂടാതെ സമൂഹത്തിൽ പൊതുസമ്മതരായ ആളുകളെ ഒപ്പം നിറുത്താനും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സൂപ്പർ സ്‌റ്റാർ മോഹൻലാൽ തുടങ്ങിയവർക്ക് പത്മ പുരസ്‌ക്കാരങ്ങൾ നൽകിയത് ഇതിന്റെ സൂചനയാണെന്നും ബി.ജെ.പി വിലയിരുത്തുന്നു.