''ങ്ഹേ. സാറോ?"
കോവളം സി.ഐ അരവിന്ദാക്ഷൻ അവിശ്വസനീയതയോടെ അയാളെ തുറിച്ചുനോക്കി.
''അരവിന്ദാക്ഷാ... ഞാനല്ല ഇത് ചെയ്തത്... എന്നെ കുടുക്കിയതാ."
ശിവദാസന്റെ മരവിച്ച ചുണ്ടൊന്നു ചലിച്ചു.
ക്യാമറക്കണ്ണുകൾ അയാളെ അടിമുടി ഉഴിഞ്ഞു.
''സാറ് പിന്നെന്തിനാ ഇവിടെ വന്നത്? സാറിന്റെ വസ്ത്രത്തിലൊക്കെ എങ്ങനെയാ ചോര പറ്റിയത്?
ചോദിച്ചത് ഒരു ചാനൽ റിപ്പോർട്ടറാണ്.
''എന്നെ പറയാൻ അനുവദിച്ചാൽ ഞാൻ പറയാം."
ശിവദാസന് സങ്കടവും ദേഷ്യവും ഒന്നിച്ചുണ്ടായി.
''സാറ് പറ." അരവിന്ദാക്ഷനാണ് നിർദ്ദേശിച്ചത്.
''ഞാൻ ഈ കിടക്കുന്ന സ്ത്രീയെ കാണാൻ ഇവിടെ വന്നെന്നുള്ളത് സത്യമാ. പക്ഷേ."
അയാൾ തനിക്കുണ്ടായ അനുഭവം പറഞ്ഞു.
''സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നിലെ വാതിൽ നോക്കാം. രണ്ടും പുറത്തുനിന്ന് അടച്ചിരിക്കുകയാണ്."
അത് ശിവദാസന്റെ അവസാനത്തെ പിടിവള്ളിയാണ്.
രണ്ടു വാതിലും പുറത്തുനിന്ന് അടയ്ക്കുവാൻ അകത്തുനിന്നുകൊണ്ട് തനിക്കാവില്ലല്ലോ...
ഉടൻ ഒരു ക്യാമറാമാൻ അവിടേക്കു ചെന്നു.
''ഇത് തുറന്നുകിടക്കുകയാണല്ലോ..."
ശിവദാസന്റെ ആ പ്രതീക്ഷയും പോയി.
''സാറേ.." അരവിന്ദാക്ഷൻ പെട്ടെന്നു ഗൗരവത്തിലായി. ''നിങ്ങൾ സി.എമ്മിന്റെ പി.എയാണ്. ആ ബഹുമാനം തന്നുകഴിഞ്ഞു ഞാൻ. പക്ഷേ നിങ്ങൾ പറയുന്ന കള്ളങ്ങൾ ഞാൻ വിഴുങ്ങിക്കളയും എന്നു മാത്രം കരുതരുത്..."
അരവിന്ദാക്ഷന് തന്നോട് ഉള്ളിൽ പകയുണ്ടെന്ന് അറിയാം ശിവദാസന്. കാരണം അയാളുടെ ഒരു പ്രമോഷൻ ബ്രേക്ക് ചെയ്തത് താനാണല്ലോ...
''അരവിന്ദാക്ഷാ... എന്നോട് പക പോക്കാനുള്ള നേരമല്ലിത്." ഞാനല്ല ഇത് ചെയ്തത്..."
ശിവദാസന്റെ മുഖം മുറുകി.
''പകയോ? എനിക്ക് നിങ്ങളോട് എന്തു പക?" അരവിന്ദാക്ഷന്റെ സ്വരത്തിലും ചില മാറ്റം കണ്ടുതുടങ്ങി. ''പിന്നെ നിങ്ങൾ നിരപരാധിയാണെങ്കിൽ അത് സ്വയം തെളിയിക്കേണ്ടിവരും."
പെട്ടെന്ന് ഒരു ചാനൽ റിപ്പോർട്ടർ ഓർമ്മപ്പെടുത്തി.
''സാറിന് ഒരു സഹായി ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് പുറത്തുനിന്ന് വാതിൽ അടയ്ക്കാമല്ലോ... സാറിന് കൈപ്പിഴ പറ്റിയെന്നു ബോദ്ധ്യമായപ്പോൾ അയാൾ പോയതാണെങ്കിലോ?"
ശിവദാസന്റെ മുഖം ചുവന്നു.
''ഒരു ചാനലിന്റെ ശമ്പളക്കാരൻ ആണെന്നു കരുതി എന്തും വിളിച്ചു പറയാനുള്ള ലൈസൻസായി എന്നു നീ കരുതല്ലേടാ..."
അപ്പോൾ വീണ്ടും സി.ഐ അരവിന്ദാക്ഷൻ ഇടപെട്ടു.
''വേണ്ട, നിങ്ങൾ തമ്മിൽ ഒരു വാഗ്വാദം വേണ്ടാ. ശിവദാസൻ സാർ ഒരു കാര്യത്തിന് മാത്രം പക്ഷേ, എനിക്കു മറുപടി തന്നേ മതിയാകൂ. എന്തിന് നിങ്ങൾ ഈ നേരത്ത് ഇവിടെ വന്നു?"
ശിവദാസന് ഉത്തരം മുട്ടി. അയാൾ പണിപ്പെട്ട് ഉമിനീർ വിഴുങ്ങി.
''എന്റെ ഒരു പേഴ്സണൽ കാര്യം. അത് ഞാൻ പറയേണ്ടിടത്തു പറഞ്ഞോളാം."
''അതു പോരല്ലോ സാറേ.."
അരവിന്ദാക്ഷൻ പരിഹസിച്ചു.
''മരണപ്പെട്ടിരിക്കുന്നത് ഒരു വിദേശ വനിതയാണ്. കളിയും കളവും മാറും."
ശിവദാസൻ തല കുടഞ്ഞു.
''എനിക്ക് സി.എമ്മിനോട് ഒന്നു സംസാരിക്കണം. ആരെങ്കിലും ഒരു ഫോൺ തന്നേ...."
അയാൾ ചുറ്റും നിന്നവർക്കു നേരെ കൈ നീട്ടി.
എന്നാൽ ആരും കൊടുത്തില്ല.
''സാറിന്റെ ഫോണെന്തിയേ?"
ആരോ തിരക്കി.
അതിനു മറുപടി എന്നവണ്ണം ഒരു ഫോണിന്റെ ശബ്ദം കേട്ടു.
ഏവരും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി.
കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രത്തിനടിയിലേക്ക് അല്പം കയറിക്കിടന്നു മിന്നുന്നു അത്....
സംശയത്തോടെ കർച്ചീഫ് എടുത്ത് അതിൽ കൂട്ടിപ്പിടിച്ച് അരവിന്ദാക്ഷൻ ഫോൺ എടുത്തു.
കണ്ണിൽ മുളകുപൊടി വീണതുപോലെ ശിവദാസൻ പോളകൾ അമർത്തി.
തന്റെ ഫോൺ....
''സാറിന്റെ ഫോൺ ഇവളുടെ പോക്കറ്റിലായിരുന്നോ. വിളിക്കുന്നത് സി.എം ആണല്ലോ..."
അരവിന്ദാക്ഷൻ ഡിസ്പ്ളേയിലേക്കു തുറിച്ചു നോക്കി.
(തുടരും)