തിരുവനന്തപുരം: പറ്രിയ സ്ഥാനാർത്ഥിയെ കിട്ടാത്തതുകാരണം ഇക്കുറി ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം വച്ചുമാറണമെന്ന ആഗ്രഹം സി.പി.ഐയ്ക്ക് ഉണ്ടെന്ന് സൂചന. ഇക്കാര്യം അവർ സി.പി.എം നേതൃത്വത്തെ അറിയിച്ചതായും പറയപ്പെടുന്നു. തിരുവനന്തപുരത്തിന് പകരം പത്തനംതിട്ട മണ്ഡലം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. എന്നാൽ,ഇതിനോട് സി.പി.എം നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
അതേസമയം, ഇതുസംബന്ധിച്ച വാർത്തകൾ തള്ളുകയാണ് സി.പി.ഐ. കഴിഞ്ഞ തവണ മത്സരിച്ച അതേ നാലു മണ്ഡലങ്ങളിൽ തന്നെ ഇക്കുറിയും മത്സരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
ഇക്കുറി തിരുവനന്തപുരത്ത് വമ്പന്മാരുടെ മത്സരം നടക്കുമെന്നാണ് സൂചന. അതിന് പറ്റിയ സ്ഥാനാർത്ഥിയെ നിറുത്താനായില്ലെങ്കിൽ സി.പി.ഐയ്ക്ക് അത് വീണ്ടും നാണക്കേട് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ സംഭവങ്ങൾ ചില നേതാക്കൾ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, തിരുവനന്തപുരം സി.പി.എമ്മിന് വിട്ടുകൊടുത്ത് പകരം പത്തനംതിട്ടയാണ് പാർട്ടി ആഗ്രഹിക്കുന്നതത്രേ. എന്നാൽ, സീറ്റ് വിട്ടുകൊടുക്കില്ലെന്നും ഉന്നത പാർട്ടി നേതാക്കളെ രംഗത്തിറക്കി മത്സരിപ്പിക്കുമെന്നും ചില നേതാക്കൾ സൂചന നൽകുന്നു. ഇതിന്റെ ഭാഗമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പന്ന്യൻ രവീന്ദ്രൻ, ആനി രാജ തുടങ്ങിയവരുടെ പേരുകളടക്കം ഇവിടെ ചർച്ച ചെയ്യുന്നുണ്ട്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളമൊഴികെ മറ്റേത് സംസ്ഥാനത്തുനിന്നും സി.പി.ഐയ്ക്ക് സീറ്റ് കിട്ടാൻ സാദ്ധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ദേശീയ പാർട്ടി എന്ന അംഗീകാരം നിലനിറുത്താൻ സി.പി.ഐക്ക് കേരളത്തിൽ നിന്ന് വിജയം അനിവാര്യമാണ്. അതുകൊണ്ടാണ് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി അങ്ങേയറ്രം ശുഷ്കാന്തി പുലർത്തുന്നത്.
തൃശൂരിൽ കെ.പി.രാജേന്ദ്രനും വയനാട്ടിൽ പി.പി.സുനീറും മത്സരിക്കാനാണ് സാദ്ധ്യത.