കൊച്ചി: പാർട്ടി നേതൃ സംഗമത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച കൊച്ചിയിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്ക് പുതിയ ഊർജം നൽകുന്നതായിരിക്കും രാഹുലിന്റെ പരിപാടി. ശബരിമല വിഷയത്തിലടക്കം ദേശീയ അദ്ധ്യക്ഷന് തന്റെ നയങ്ങൾ വ്യക്തമാക്കാനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനുമുള്ള വേദി കൂടിയാണ് കൊച്ചിയിലേത്.
മോദിയുടെ ആരോപണങ്ങൾക്ക് രാഹുൽ ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വയ്‌ക്കുന്ന അജണ്ടകളും രാഹുലിന്റെ പ്രസംഗത്തിലുണ്ടാകും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരിപാടി വൻ വിജയമാക്കി ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈൻ ഡ്രൈവിലെ നേതൃ സംഗമത്തിൽ വൈകിട്ട് മൂന്നിനാണ് രാഹുൽ പ്രസംഗിക്കുന്നത്. അമ്പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിക്കും. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. ഗസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം മൂന്നിന് മറൈൻഡ്രൈവിൽ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും. 4.50 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തും. 6.30ന് ഡൽഹിക്ക് മടങ്ങും.