മൗണ്ട് മോൺഗനൂയി: ന്യൂസിലൻഡിനെതിരെ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പരമ്പര സ്വന്തമാക്കി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ച്വറി നേടിയ രോഹിത് ശർമ (77 പന്തിൽ 62), ക്യാപ്റ്റൻ വിരാട് കൊഹ്‍ലി (74 പന്തിൽ 60) എന്നിവരാണ് വിജയം അനായാസമാക്കിയത്. 42 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം. തുടർച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മൽസരങ്ങൾ ഉൾപ്പെട്ട പരമ്പരയും ഇന്ത്യ സ്വന്തമാക്കി. രണ്ടാം തവണയാണ് ന്യൂസിലാൻഡിൽ ഇന്ത്യ പരമ്പര നേടുന്നത്.
നേരത്തെ ഇന്ത്യയ്‌ക്ക് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ ശിഖർ ധവാൻ (27 പന്തിൽ 28), രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കൊഹ്‍ലി എന്നിവരാണ് പുറത്തായത്. 77 പന്തിൽ നാലു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 62 റൺസെടുത്ത രോഹിത്തിനെ മിച്ചൽ സാന്റ്നറിന്റെ പന്തിൽ ടോം ലാഥം സ്റ്റംപു ചെയ്‌ത് പുറത്താക്കി. ഏകദിന കരിയറിൽ ഇതു രണ്ടാം തവണ മാത്രമാണ് രോഹിത് ശർമ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്.
ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 27 പന്തിൽ ആറു ബൗണ്ടറികൾ സഹിതം 28 റൺസെടുത്ത ധവാനെ ട്രന്റ് ബൗൾട്ടിന്റെ പന്തിൽ സ്ലിപ്പിൽ റോസ് ടെയ്‌ലർ ക്യാച്ചെടുത്തു പുറത്താക്കി. മികച്ച പ്രകടനവുമായി അമ്പാട്ടി റായുഡു (42 പന്തിൽ 40)), ദിനേഷ് കാർത്തിക് (38 പന്തിൽ 38) എന്നിവർ പുറത്താകാതെ നിന്നു.