ഈ മരം കോച്ചുന്ന വെളുപ്പാൻ കാലത്തു കുളിക്കാൻ പോയിട്ട് പല്ലുതേക്കാൻ തന്നെ മടിച്ചാണ് മിക്കവരും കഴിച്ചുകൂട്ടുക. പക്ഷേ, ഈ കൊല്ലുന്ന തണുപ്പുകാലത്ത് ജപ്പാൻകാർ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ? മരംകോച്ചുന്ന തണുത്തവെള്ളത്തിൽ അതിരാവിലെ ഇറങ്ങിനിൽക്കും. അതും പേരിന് മാത്രം വസ്ത്രംധരിച്ച് !
കഴിഞ്ഞ 64 വർഷമായി പുതുവർഷത്തിൽ ഇവിടത്തുകാർ മുടക്കം കൂടാതെ ചെയ്തുവരുന്ന ഒരു കലാപരിപാടിയാണിത്. കൊടുംതണുപ്പിൽ, പരമ്പരാഗതമായ വെള്ള വസ്ത്രങ്ങൾ (ഒരു തലേക്കെട്ടും പിന്നെ അത്യാവശ്യം ഒരു ചുറ്റിയുടുക്കലും) ധരിച്ചു ഐസ് വെള്ളത്തിൽ ഇറങ്ങി നിന്ന് കുളിജപം നടത്തും. ഇങ്ങനെ ചെയ്താൽ ശരീരം ശുദ്ധമാകുമെന്നും രോഗപ്രതിരോധ ശേഷി കൂടുമെന്നുമാണ് വിശ്വാസം.
ഇത്തവണ പുതുവർഷ ദിനത്തിലും ഒരു ഒമ്പതുവയസുകാരനും 98 വയസുകാരനും 12 സ്ത്രീകളും അടക്കം 98 പേർ ഈ ഐസ് കുളിയിൽ പങ്കെടുത്തു. വെറുതെ വന്ന് പങ്കെടുത്ത് പോകുകയല്ല, എല്ലാവരും ഉറക്കെ പ്രാർത്ഥിക്കുകയും ചെയ്യും. അല്ലെങ്കിലും രണ്ട് ഡിഗ്രി തണുപ്പിലൊക്കെ ഐസ് വെള്ളത്തിൽ ഇറങ്ങിയാൽ ആരാണ് ദൈവത്തെ വിളിച്ചു പോകാത്തത്!