gadkari-against-modi

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന നിതിൻ ഗഡ്‌കരിയുടെ പ്രസ്‌താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണെന്ന ആരോപണം ഉയർന്നതോടെ വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തി. ഗഡ്കരിയുടെ പ്രസ്‌താവന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നും ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിവാദപരാമർശം.

പൊള്ളയായ വാഗ്‌ദാനങ്ങൾ മാത്രം നൽകിക്കൊണ്ടിരുന്നാൽ ജനം പ്രഹരിക്കുമെന്നും അതിനാൽ നിറവേറ്റാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകാവൂ എന്നുമാണ് മുംബയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞത്.“സ്വപ്‌ന വാഗ്‌ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ ആ വാഗ്‌ദാനങ്ങൾ പ്രാവർത്തികമാക്കാൻ സാധിച്ചില്ലെങ്കിൽ ജനങ്ങൾ പ്രഹരിക്കും. അതിനാൽ നിറവേറ്റാൻ സാധിക്കുന്ന വാഗ്‌ദാനങ്ങൾ മാത്രം നൽകുക,താൻ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചുവെന്ന് നൂറു ശതമാനം ഉറപ്പായും പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരാമർശം കേന്ദ്രസർക്കാരിനെതിരെ എന്നാണ് പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം.രാജസ്ഥാൻ, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പരാജയത്തിന് ശേഷമുള്ള ഗഡ്കരിയുടെ പ്രതികരണവും വിവാദമായിരുന്നു. നന്നായി സംസാരിച്ചതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കില്ല. നിങ്ങൾ വലിയ വിദ്വാൻ ആയിരിക്കും, പക്ഷെ, ജനം നിങ്ങൾക്ക് വോട്ട് ചെയ്യില്ല. എല്ലാം അറിയാമെന്ന് ഒരാൾക്ക് തോന്നുന്നത് അബദ്ധമാണെന്നുമാണ് അന്ന് ഗഡ്കരി പറഞ്ഞത്.പാർട്ടിയിലെ ചില ആളുകൾ സംസാരം കുറയ്‌ക്കേണ്ടതുണ്ടെന്ന ഗഡ്കരിയുടെ പരാമർശവും പ്രതിപക്ഷം ആഘോഷിച്ചിരുന്നു