സഹാറയെന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽവരിക മരുഭൂമി തന്നെയല്ലേ. പക്ഷേ, സഹാറ പണ്ട് മരുഭൂമിയായിരുന്നില്ല എന്നതാണ് സത്യം. ഏകദേശം 5000 നൂറ്റാണ്ട് മുമ്പ് മനോഹരവും ഫലഭൂയിഷ്ഠവുമായ പ്രദേശമായിരുന്നു സഹാറ. അരുവികളും പക്ഷിമൃഗാദികളും ഒക്കെയുള്ള ഒരു മഴപ്രദേശമായിരുന്നു ഇവിടം .പിന്നെയെങ്ങനെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിയെന്നത് ശാസ്ത്രലോകത്തിന് ഇന്നും മുഴുവനായി കണ്ടുപിടിക്കാനുമായിട്ടില്ല.
കാലവർഷത്തിന്റെ അഭാവവും ജലത്തിന്റെ ലഭ്യതക്കുറവുമായിരിക്കാം കാരണമെന്നാണ് അനുമാനം. പലപ്പോഴായി 20 ലക്ഷത്തോളം കിണറുകൾ ഇവിടെ കുഴിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഫലഭൂയിഷ്ഠമായിരുന്ന സമയത്ത് നീഗ്രോ വംശജരാണ് ഇവിടെ താമസിച്ചിരുന്നതെന്നും അവർ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ വേട്ടയാടി ഭക്ഷിച്ചിരുന്നുവെന്നും ചരിത്രരേഖകളിലും പറയുന്നുണ്ട്.
എന്നാൽ മരുഭൂമിയായിക്കഴിഞ്ഞ സഹാറയെക്കുറിച്ച് ആദ്യമായി വിവരണം നൽകിയത് ബിസി 430 ൽ ഹെറോടോട്ടസായിരുന്നു. കഠിനമായ ചൂട്, മണൽക്കുന്നുകൾ, ഉപ്പുകുന്നുകൾ...എന്നിങ്ങനെയായിരുന്നു ഹെറോടോട്ടസിന്റെ വിവരണത്തിലെ സഹാറ. ഇന്നും ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടുമില്ല. എന്നാൽ, അടുത്തകാലത്തായി സഹാറയെ വീണ്ടും ഫലഭൂയിഷ്ഠമാക്കാനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞർ എന്നാണ് അറിവ്. ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യം, എങ്ങനെയാണ് സഹാറയിൽ കാലവർഷമില്ലാതായത്!!!!