ക്വാലാലംപൂർ: ഭാര്യയ്ക്കുവേണ്ടി രാജ്യാധികാരം പുല്ലുപോലെ വലിച്ചെറിഞ്ഞ മലേഷ്യയിലെ മുൻ ഭരണാധികാരി സുൽത്താൻ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നു. റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ ഒക്സാന വിവോഡിനയാണ് സുൽത്താന്റെ ഭാര്യ. ഇവർ ഗർഭിണിയാണ്. ഒക്സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാൻ സുൽത്താനെ നിർബന്ധിതനാക്കിയത്.
ചില റഷ്യൻ പത്രങ്ങളാണ് ഇരുവരും അടിച്ചുപിരിയുന്നെന്ന വാർത്ത പുറത്തുവിട്ടത്. ഇവരുടെ ദാമ്പത്യം പൊട്ടലുംചീറ്റലും നിറഞ്ഞതായിരുന്നുവെന്നും ഉടൻതന്നെ ബന്ധം വേർപെടുത്തുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ബന്ധം വേർപെടുത്താനുള്ള കാരണം വ്യക്തമല്ല. അടിവസ്ത്രങ്ങൾക്കുപോലും മോഡലായ ഒക്സാനയെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് രാജകുടുംബത്തിൽ നിന്നുള്ളവർ ആവശ്യപ്പെട്ടെങ്കിലും അതൊന്നും സുൽത്താൻ ഗൗനിച്ചതേയില്ല.
മോസ്കോയിൽ നവംബറിലായിരുന്നു ഇവരുടെ അടിപൊളി വിവാഹം. വിവാഹത്തിനുമുമ്പ് മതംമാറിയ ഒക്സാന, താൻ ഇനി മോഡലിംഗിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റിയാലിറ്റിഷോയിൽ സഹമത്സരാർത്ഥിയുമായി നീന്തൽക്കുളത്തിൽ ഇഴുകി ച്ചേർന്നുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുൽത്താന് പിടിച്ചുനിൽക്കാനായില്ല. ഇത് എതിരാളികൾ ആഘോഷിച്ചു. മൂന്നുവർഷം കാലാവധിശേഷിക്കെ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞു. തുടർന്ന് അജ്ഞാതവാസമായിരുന്നു. ഇപ്പോൾ ചികിത്സാർത്ഥം രാജ്യംവിട്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനുമുമ്പ് മലേഷ്യയുടെ പുതിയരാജാവായി സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ്ഷായെ നിയമിച്ചു. മുപ്പത്തൊന്നിന് അധികാരമേൽക്കും.