കോട്ടയം: വീടുകളിൽ പൂജയും മന്ത്രവാദവും നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതി ഒൻപത് വർഷത്തിനുശേഷം കോട്ടയത്ത് പിടിയിലായി. ആലപ്പുഴ കഞ്ഞിക്കുഴി ചാലുങ്കൽവെളി കിരൺ ദാസിനെയാണ് (29) വെസ്റ്റ് സി.ഐ നിർമൽ ബോസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2009 ൽ കോടിമതയിൽ വിവിധ ഹൗസ് ബോട്ടുകളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ആലപ്പുഴ, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ ഹൗസ് ബോട്ടുകളിലും ഇടുക്കി കാളിയാർ,വണ്ണപ്പുറം ഭാഗങ്ങളിലും ഒളിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെ കർണാടകയിൽ പോയി താന്ത്രിക വിദ്യ പഠിച്ച് തിരിച്ചെത്തിയ ഇയാൾ വീടുകളിൽ പൂജയും മന്ത്രവാദവും നടത്തി.
മറ്റുള്ളവരുടെ പേരിൽ സിം കാർഡ് എടുക്കുകയും കുറച്ച് നാളത്തെ ഉപയോഗത്തിന് ശേഷം അത് ഉപേക്ഷിച്ചു പുതിയ ഫോണും സിം കാർഡും എടുത്തതിനാൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ഗൾഫിലുള്ള സുഹൃത്തിന്റെ കാറിലായിരുന്നു സഞ്ചാരം. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ പൂജ നടത്താൻ പോകുന്നതിനിടയിൽ പ്രതിയെ പൊലീസ് കുടുക്കിയത്.