kodiyeri-balakrishanan

തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിക്കാനെത്തിയ വനിതാ പൊലീസ് ഓഫീസർ ചൈത്രാ തെരേസ ജോണിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. സർക്കാരിന് മുകളിൽ പറക്കാൻ ഒരു പൊലീസ് ഓഫീസറും ശ്രമിക്കരുതെന്ന് കോടിയേരി ആവശ്യപ്പെട്ടു. എല്ലാ ഓഫീസർമാരും സർക്കാരിന് വിധേയരായിരിക്കണം. സി.പി.എം ഓഫീസ് റെയിഡ് ചെയ്‌തത് പ്രശസ്‌തിക്ക് വേണ്ടിയാണ്. സ്ത്രീ ആയാലും പുരുഷനായും നിയമവ്യവസ്ഥയെ അംഗീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കഴിഞ്ഞ 24ന് രാത്രിയാണ് തിരുവനന്തപുരം മേട്ടുക്കടയിലുള്ള സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചിൽ നടത്താനെത്തിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിലെ പ്രതി ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. എന്നാൽ ഇവിടുന്ന് പ്രതികളെ കണ്ടെത്താൻ കഴിയാത്തതോടെ സി.പി.എം പ്രതിരോധവുമായി രംഗത്തെത്തി. ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വം സർക്കാരിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ചൈത്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആക്ഷേപം ഉന്നയിച്ചിരുന്നു.

പാർട്ടി ഓഫീസിൽ കയറി പരിശോധന നടത്തിയത് ശരിയല്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. റെയിഡ് നടത്തിയിട്ട് ഒരു പ്രതിയെ പോലും പിടിക്കാനും കഴിഞ്ഞില്ല. ഇതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.