ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിൽ ദക്ഷിണ-പൂർവേഷ്യയിലെ ആദ്യ പ്രോട്ടോൺ കാൻസർ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയ്ക്ക് പുറമേ ദക്ഷിണ-പൂർവേഷ്യയിലെ കാൻസർ രോഗികൾക്കും പ്രോട്ടോൺ തെറാപ്പി ലഭ്യമാക്കുന്ന സംവിധാനമാണ് അപ്പോളോ ആശുപത്രി ഒരുക്കിയിരിക്കുന്നത് വെങ്കയ്യ നായിഡു പറഞ്ഞു. ചടങ്ങിൽ അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിയെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. ചെന്നൈ തരമണിയിൽ 1,300 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമ്മിച്ചത്.
തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ അപ്പോളോ ആശുപത്രി എക്കാലത്തും മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർബുദത്തിന് പ്രോട്ടോൺ തെറാപ്പി ചികിത്സ ലഭിക്കുന്ന 16-ാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രതാപ് റെഡ്ഡി പറഞ്ഞു. അപ്പോളോ മെഡിക്കൽ ഡയറക്‌ടറും റേഡിയേഷൻ ഓങ്കോളജി തലവനുമായ ഡോ. രാകേഷ് ജലാലിയുടെ നേതൃത്വത്തിലുള്ള ഡോക്‌ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. ലോക നിലവാരമുള്ള ചികിത്സ ലഭ്യമായ അപ്പോളോ ആശുപത്രിയിൽ 150 കിടക്കകളാണുള്ളത്.