ബംഗളൂരു: കോൺഗ്രസ് എം.എൽ.എമാർക്ക് തന്നെ അംഗീകരിക്കാൻ വയ്യെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് തുറന്നു പറഞ്ഞ് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയതോടെ സഖ്യസർക്കാരിന്റെ നിലനില്പ് വീണ്ടും അവതാളത്തിലായി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ മതിയായിരുന്നെന്നും എങ്കിൽ സംസ്ഥാനത്ത് വികസനമുണ്ടാകുമായിരുന്നെന്നും കോൺഗ്രസ് എം.എൽ.എ എസ്.ടി. സോമശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞതാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്.
കോൺഗ്രസ് നിയമസഭാംഗങ്ങളെ നിലയ്ക്കു നിറുത്താൻ പാർട്ടി നേതൃത്വം തയ്യാറായില്ലെങ്കിൽ കസേരയൊഴിയുമെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താത്പര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
''അധികാരത്തിന് ആരെയും സമീപിച്ചിട്ടില്ല. കോൺഗ്രസാണ് സർക്കാർ രൂപീകരണത്തിനായി ഞങ്ങളെ സമീപിച്ചത്. ഭരണത്തിന് മുഴുവൻ എം.എൽ.എമാരുടെ പിന്തുണയും ആവശ്യമാണ്"- കുമാരസ്വാമി ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് കർണാടക മന്ത്രി എം.ടി.ബി. നാഗരാജ് നേരത്തേ പറഞ്ഞത് കോലാഹലം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോമശേഖരനും രംഗത്തെത്തിയത്. അതേസമയം, സിദ്ധരാമയ്യ മികച്ച മുഖ്യമന്ത്രിയാണെന്നതിന് തർക്കമില്ലെന്നും അഭിപ്രായം തുറന്നു പറയുന്നതിൽ എന്താണു തെറ്റെന്നുമാണ് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വര ഇന്നലെ പ്രതികരിച്ചത്.
സോമശേഖരന് നോട്ടീസ്
കുമാരസ്വാമിയുടെ ഭീഷണിക്കു പിന്നാലെ എസ്.ടി. സോമശേഖരന് കോൺഗ്രസ് സംസ്ഥാന നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. നോട്ടീസിനു പിന്നാലെ സോമശേഖരൻ ക്ഷമാപണം നടത്തിയതായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
"മോശപ്പെടുത്തൽ തുടരാനാണു കോൺഗ്രസ് നേതാക്കളുടെ ഭാവമെങ്കിൽ സ്ഥാനം ഉപേക്ഷിക്കാനും തയ്യാർ".
- കർണാടക മുഖ്യമന്ത്രി കുമാരസ്വാമി