lulu

അബുദാബി: സൂറിച്ച് വിമാനത്താവളത്തിന് സമീപം ഇന്റർസിറ്രി ഹോട്ടൽ നിർമ്മിച്ച് ലുലു ഗ്രൂപ്പിലെ ഹോസ്‌പിറ്രാലിറ്റി വിഭാഗമായ ട്വന്റി14 ഹോൾഡിംഗ്സ് സ്വിറ്ര്‌സർലൻഡിലും സാന്നിദ്ധ്യമറിയിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രം സ്വിസ് റിയൽ എസ്‌റ്രേറ്റ് ഡെവലപ്പറായ നെക്രോൺ എ.ജിയുമായി കമ്പനി ഒപ്പുവച്ചു. നിലവിൽ ബ്രിട്ടൻ, മദ്ധ്യേഷ്യ, ഇന്ത്യ എന്നിവടങ്ങളിലായി ആഡംബര ഹോട്ടൽ രംഗത്ത് മാത്രം 750 ദശലക്ഷം ഡോളറിന്റെ ആസ്‌തി ട്വന്റി14 ഹോൾഡിംഗ്‌സിനുണ്ട്.

260 മുറികളുള്ള, 4-സ്‌റ്റാർ ഇന്റർസിറ്രി ഹോട്ടൽ റുംലാംഗ് സ്‌റ്രേഷൻ എ വൺ മോട്ടോർവേയ്ക്ക് സമീപമാണ് തുറക്കുക. ഇവിടെ നിന്ന് നിമിഷനേരം മതി സൂറിച്ച് വിമാനത്താവളത്തിലേക്കും സിറ്രി സെന്റളിലേക്കും എത്താൻ. യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കാനുള്ള സൗകര്യം, റെസ്‌റ്രോറന്റ്, ഫിറ്ര്‌നസ് സെന്റർ, സ്‌പാ, അകത്തും പുറത്തും പാർക്കിംഗ് ഏരിയ തുടങ്ങിയവ ഹോട്ടിലിലുണ്ടാകും. 2020ൽ ഹോട്ടൽ പ്രവർത്തനം തുടങ്ങും. ടോയിഷേ ഹോസ്‌പിറ്രാലിറ്റിയുടെ (സ്‌റ്രൈഗൻബർഗർ ഹോട്ടൽ എ.ജി) കീഴിൽ 20 വർഷത്തെ ഉടമ്പടി പ്രകാരമാണ് ഹോട്ടൽ പ്രവർത്തിക്കുക.

2020 ഓടെ ബില്യൺ ഡോളർ നിക്ഷേപം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കമ്പനിയുടെ നിർണായക ചുവടുവയ്‌പ്പാണ് സൂറിച്ചിലെ ഇന്റർസിറ്റി ഹോട്ടൽ ഏറ്റെടുക്കലെന്ന് ട്വന്റി14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് പറഞ്ഞു. ടോയിഷേ ഹോസ്‌പിറ്റാലിറ്റിയുമായി ചേർന്ന് ട്വന്റി 14 ഹോള്‍ഡിംഗ്സിന്റെ രണ്ടാമത്തെ പദ്ധതിയാണിത്. ആദ്യത്തേത്, ദുബായ് ബിസിനസ് ബേയിലുള്ള സ്‌റ്റൈഗൻബർഗർ ഹോട്ടലാണ്.