പന്തളം: ഭാര്യയും മകനുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ ട്രാവലുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല വിളപറമ്പിൽ വീട്ടിൽ കുട്ടന്റെയും മണിയുടെയും മകൻ സുരേഷ്‌കുമാറാണ് (30) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ എം.സി റോഡിൽ കുരമ്പാല ഇടയാടി കവലയ്ക്ക് സമീപമായിരുന്നു അപകടം. ഗൾഫിലായിരുന്ന സുരേഷ്‌കുമാർ വീടിന്റെ നിർമാണം പൂർത്തീകരിക്കാനായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കിടങ്ങന്നൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂട്ടറിൽ എതിരെ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ ആദിശങ്കരൻ (മൂന്ന്) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ശരണ്യയ്ക്ക് (25) സാരമായ പരിക്കില്ല.