റായ്പൂർ: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഛത്തീസ്ഗഡിൽ പതിനഞ്ചു വർഷത്തിനുശേഷം കോൺഗ്രസിനെ അധികാരത്തിലേറ്റിയ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച കിസാൻ അഭാർ റാലിയിലാണ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയത്. കോൺഗ്രസിന്റെ ചരിത്രപ്രാധാന്യമുള്ള പ്രഖ്യാപനം എന്നു വിശേഷിപ്പിച്ച രാഹുൽ, പാവപ്പെട്ടവർക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്നും വ്യക്തമാക്കി. വരുമാനം ഉറപ്പാക്കുന്നതോടെ പട്ടിണിയും ദരിദ്ര ജനതയും ഇന്ത്യയിൽ ഉണ്ടാവില്ലെന്നും പറഞ്ഞു.
മോദി ഭരണത്തിൽ അഴിമതിക്കാരായ അതിസമ്പന്നരുടെ ഇന്ത്യയെന്നും പാവപ്പെട്ട കർഷകരുടെ ഇന്ത്യയെന്നും രാജ്യത്തെ രണ്ടായി വിഭജിച്ചെന്ന് രാഹുൽ പറഞ്ഞു. റാഫേൽ അഴിമതിയും, അനിൽ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരും അടങ്ങിയതാണ് മോദി സൃഷ്ടിച്ച ഇന്ത്യയെന്നും മറുഭാഗത്ത് ദരിദ്രരായ കർഷകരാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഛത്തീസ് ഗഡിൽ കോൺഗ്രസ് അധികാരമേറ്റയുടൻ കാർഷികകടം എഴുതിത്തള്ളിയിരുന്നു. അതിന്റെ സർട്ടിഫിക്കറ്റുകൾ രാഹുൽ കർഷകർക്ക് വിതരണം ചെയ്തു.
രാഹുലും സോണിയയും ഗോവയിൽ
പാർലമെന്റിന്റെ 'ചൂടേറിയ" ശൈത്യകാല സമ്മേളനത്തിനും പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനും പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും അവധിദിനം ചെലവഴിക്കാൻ ഗോവയിലെത്തി. ഞായറാഴ്ച സോണിയയ്ക്കൊപ്പം ഉച്ച ഭക്ഷണത്തിനായി സൗത്ത് ഗോവയിലെ വാർഫ് റസ്റ്രോറന്റിലെത്തിയ രാഹുലിനെ കണ്ടവർ അമ്പരന്നു. പിന്നെ രാഹുലിനൊപ്പം സെൽഫി എടുക്കാനുള്ള തത്രപ്പാടിലായി എല്ലാവരും. സുരക്ഷാ ഭടൻമാർ കനിഞ്ഞതോടെ രാഹുൽ സെൽഫിക്ക് നിന്നുകൊടുത്തു. ഗോവയിലെ ഡെന്റിസ്റ്റ് രചന ഫെർണാണ്ടസ് പങ്കുവച്ച സെൽഫി ചിത്രം ട്വിറ്ററിൽ വൈറലായതോടെയാണ് ഇരുവരുടെയും വരവ് പുറംലോകം അറിഞ്ഞത്. ഞായറാഴ്ച രാത്രി ഇരുവരും മടങ്ങി.