വാരണാസി: വാരണാസിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ടൂറിനോ അട്വർടൈസിംഗിന്റെ ചെയർപേഴ്‌സൺ ഡോ. സുലേഖാ ദാവൂദിന് പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിച്ചു. 2002ൽ യു.എ.ഇയിൽ ആരംഭിച്ച ടൂറിനോ അഡ്വർടൈസിംഗ് 17 വർഷത്തിനിടയിൽ ദുബായ്, ഷാർജ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകൾ ആരംഭിച്ചു.
പാനസോണിക്, ഹയർ, കാനൻ, ജിയോജിത്, റമദ, ഭീമ, പോത്തീസ് തുടങ്ങിയ ഒട്ടേറെ ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ചു. കൺസൾട്ടന്റ് റിവ്യൂ മാഗസിൻ ഇന്ത്യയിലെ 20 പ്രോമിസിംഗ് അഡ്വർടൈസിംഗ് ബ്രാൻഡുകളിൽ ഒന്നായി ടൂറിനോയെ തിരഞ്ഞെടുത്തിരുന്നു. ക്രിയേറ്രീവ് മികവിന് 80ലേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സുലേഖ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർപേഴ്‌സൺ കൂടിയാണ് ഡോ. സുലേഖ. യു.എ.ഇയിലും ഇന്ത്യയിലുമായി ഗ്രൂപ്പിന്റെ ഹോസ്‌പിറ്റലുകളിൽ 4,000ലേറെപ്പേർ ജോലി ചെയ്യുന്നുണ്ട്. ലോകത്തെ സ്വാധീനമുള്ള 20 ഗ്ളോബൽ ഇന്ത്യൻ വനിതകളിൽ ഒരാളായി ഡോ. സുലേഖ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എ.ഇ സർക്കാരും നിരവധി അംഗീകാരങ്ങൾ നൽകി ഡോ. സുലേഖയെ ആദരിച്ചിട്ടുണ്ട്.