ബംഗളുരു: മകനും എം.എൽ.എയുമായ യതീന്ദ്രക്കെതിരെ ആക്ഷേപവുമായെത്തിയ കോൺഗ്രസ് പ്രവർത്തകയെ പൊതുജന മദ്ധ്യത്തിൽ അപമാനിച്ച കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യയ്ക്കെതിരെ പ്രതിഷേധം. സർക്കാർ സ്ഥാപനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും എം.എൽ.എയോട് ഇക്കാര്യം പറഞ്ഞിട്ടും ഫലമില്ലെന്നും പറഞ്ഞ കോൺഗ്രസ് പ്രവർത്തക ജമാല ആരോപിച്ചത്.
ഇവരുടെ കൈയിൽ നിന്ന് സിദ്ദരാമയ്യ മൈക്ക് പിടിച്ചുവാങ്ങിയപ്പോൾ ഷാൾ അഴിഞ്ഞു വീഴുന്നതും തുടർന്ന് തോളിൽ പിടിച്ച് ഇരിക്കാൻ ആക്രോശിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായിരിക്കുന്നത്.
സിദ്ധരാമയ്യയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നു. സംഭവത്തിൽ സിദ്ധരാമയ്യ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. എന്നാൽ സിദ്ധരാമയ്യയുടെ പ്രതികരണത്തിൽ പരാതിയില്ലെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അദ്ദേഹം പ്രകോപിതനാവുകയുമായിരുന്നെന്നും അധിക്ഷേപത്തിനിരയായ സ്ത്രീ വ്യക്തമാക്കി. മികച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും ജമാല
അഭിപ്രായപ്പെട്ടു.
മകൻ യതീന്ദ്രയുടെ വരുണ മണ്ഡലത്തിലെ വികസന അദാലത്തിലാണ് സിദ്ധരാമയ്യ എത്തിയത്. പൊതു ഇടങ്ങളിലെ മര്യാദയപ്പെറ്റി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെക്ക് ട്വിറ്ററിലൂടെ ഉപദേശം നൽകി മണിക്കൂറുകൾക്കമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.