pm-narendra-

ന്യൂ‌‌‌ഡൽഹി: താൻ കണ്ടെതിൽ വച്ച് ഏറ്റവും മികച്ച ഹിന്ദി പ്രാസംഗികനാണ് നരേന്ദ്രമോദിയെന്ന് ശശി തരൂർ എം.പി. എന്നാൽ ഏതെങ്കിലും ധാർമ്മികത ചോദ്യം ചെയ്യപ്പെടുന്ന വിഷയം വരുമ്പോൾ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു. ദേശീയ വാർത്ത ഏ‌ജൻസിയായ പി.ടി.എെക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ രാഷ്ട്രീയ നേട്ടത്തിനായും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയും പ്രധാനമന്ത്രി സങ്കുചിതമായ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ജനങ്ങളുടെ മുന്നിൽ പുരോഗമനമെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നു.എന്നാൽ ധാർമ്മികത ചോദ്യം ചെയ്യപ്പെടുന്നിടത്ത് മോദി നിശബ്ദമാകുന്നു. തന്റെ പ്രവർത്തനങ്ങൾ അദ്ദേഹം ക്രമീകരിക്കുന്നു. നാടകീയ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നുവെന്നും തരൂർ കുറ്റപ്പെടുത്തി.

'പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസ് അണികളിൽ ആവേശം ഉണ്ടാക്കും. ഇതിനുള്ള വ്യക്തിപ്രഭാവം പ്രിയങ്കയ്ക്ക് ഉണ്ട്. എത്ര പെട്ടെന്നാണ് അവർ ബന്ധങ്ങൾ ഉണ്ടാക്കുന്നത്. മനോഹരവും അനായാസമായാണ് അവർ പ്രസംഗിക്കുന്നത്'. രാഷ്ട്രീയത്തിൽ തുടക്കക്കാരാണെന്ന് അവരെന്ന് ആർക്കും മനസിലാവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറിനെ ജനങ്ങൾ തോൽപ്പിക്കും. ഇതുതന്നെയാണ് കോൺഗ്രസും ലക്ഷ്യമിടുന്നത്. രോഹിത് വെമുലയുടെയും ജുനൈദ് ഖാന്റെയും കുടുംബം തങ്ങളുടെ വേദന പങ്കുവെക്കുന്ന ഒരു ശബ്ദത്തിനായി രാജ്യം തേങ്ങുമ്പോൾ മോദിക്ക് എന്തുകൊണ്ടാണ് സംസാരിക്കാൻ പറ്റാത്തതെന്നും തരൂർ ചോദിച്ചു.