ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ കനറാ ബാങ്ക് 152.5 ശതമാനം വർദ്ധനയോടെ 317.52 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 125.75 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 12,341.09 കോടി രൂപയിൽ നിന്നുയർന്ന് 13,513.35 കോടി രൂപയിലെത്തി.

മൊത്തം നിഷ്‌ക്രിയ ആസ്‌തി 10.38 ശതമാനത്തിൽ നിന്ന് 10.25 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 6.78 ശതമാനത്തിൽ നിന്ന് 6.37 ശതമാനത്തിലേക്കും താഴ്‌ന്നത് ബാങ്കിന് ആശ്വാസമായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയായ (പ്രൊവിഷനിംഗ്) 2,673.64 കോടി രൂപയിൽ നിന്ന് 1,977.34 കോടി രൂപയിലേക്ക് കുറഞ്ഞതും ബാങ്കിന് ഡിസംബർ പാദത്തിൽ നേട്ടമായി.