ഗുവാഹട്ടി: എൺപതിലധികം പേരുടെ മരണത്തിന് കാരണമായ 2008ലെ അസാം സ്ഫോടന പരമ്പര കേസിൽ  ബോഡോ ലാൻഡ് പ്രക്ഷോഭകനടക്കം 14 പേർ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. നാഷണൽ ‌ഡമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോ ലാൻഡ് നേതാവ് രഞ്ജൻ ഡൈമറിയെയും കൂട്ടാളികളെയുമാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ഇയാളെ കൂടാതെ ജോർജ് ബോ‌ഡോ,​ ബി.തരായ്,​ രാജു സർക്കാർ,​ നിലിം ഡൈമറി,​  അഞ്ചായ് ബോഡോ,​  ഇന്ദ്ര ബ്രഹ്മ,​ ലോകോ ബസുമതരി,​ ഖർഗേശ്വർ ബസുമതരി,​ പ്രഭാത് ബോഡോ, ജയന്ത ബോഡോ, അജയ് ബസുമതരി, മൃദുൽ ഗോയറി, മതുരം ബ്രഹ്മ, രാജൻ ഗോയറി എന്നിവരാണ് മറ്റു കുറ്റവാളികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.  നാളെ  വിധി പ്രഖ്യാപിക്കും. സി.ബി.ഐ പ്രത്യേക ജഡ്‌ജി അപരേഷ് ചക്രവർത്തിയുടേതാണ് കണ്ടെത്തൽ. 2008 ഒക്ടോബറിൽ നടന്ന സ്ഫോടന പരമ്പരയിൽ 88 പേർ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുവാഹട്ടി, കോക്രജാർ, ബൊൻഗൈഗാവ്, ബർപെട്ട എന്നിവിടങ്ങളിലായി 18 സ്ഫോടനങ്ങളാണുണ്ടായത്. മരണം സംഖ്യ ഗുവാഹട്ടി: 44 കോക്രജാർ: 21 ബർപെട്ട : 19 ബസിസ്ത: 1