തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തും തൃശൂരിലും കോൺഗ്രസിന് എതിരെ നടത്തിയ വിമർശനങ്ങൾക്ക് ഇന്ന് കൊച്ചിയിലെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ നൽകുന്ന മറുപടിക്കായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. ഇന്നു വൈകിട്ട് മറൈൻ ഡ്രൈവിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും അഭിസംബോധന ചെയ്ത് രാഹുൽ നടത്തുന്ന പ്രസംഗം കേരളത്തിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമാവുകയും ചെയ്യും.
ശബരിമല വിഷയത്തിലടക്കം കേരളത്തിന്റെ മണ്ണിൽ രാഹുൽ എന്തു പറയുന്നു എന്നത് ശ്രദ്ധേയമാകും. ഇന്നു നടക്കുന്ന റാലി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തിപ്രകടനമാക്കാനൊരുങ്ങുകയാണ് നേതൃത്വം. യു.ഡി.എഫ് ഘടകകക്ഷികളുമായി രാഹുൽ നടത്തുന്ന ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്കും പ്രാധാന്യം ഏറെയാണ്. സൗഹൃദ കൂടിക്കാഴ്ച മാത്രമായിരിക്കുമെന്നും, മുന്നണിയിലെ സീറ്റ് വിഭജന വിഷയമുൾപ്പെടെയുള്ളവ ചർച്ചയാവില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. അതേസമയം, ഇന്നത്തെ ചർച്ചയിൽ ഉരുത്തിരിയുന്ന പൊതുവികാരത്തിന് അനുസരിച്ചാകും ഇനിയങ്ങോട്ട് സീറ്റ് വിഭജന കാര്യത്തിലടക്കം നേതൃത്വത്തിന്റെ സമീപനം.
ഫെബ്രുവരി 20നകം കോൺഗ്രസിന്റെ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക ഹൈക്കമാൻഡിനു കൈമാറുമെന്ന് കെ.പി.സി.സി നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് സീറ്റ് വിഭജനത്തിലടക്കം തീരുമാനമാകാതെ എങ്ങനെ മുന്നോട്ട് പോകുമെന്നത് ചോദ്യമാണ്. ഫെബ്രുവരി 3ന് ആരംഭിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര 28-നേ സമാപിക്കൂ. അതിനിടയിൽ ഉഭയകക്ഷി ചർച്ചകൾക്ക് സമയമില്ല. മുസ്ലിംലീഗും കേരള കോൺഗ്രസ്- എമ്മും അധികസീറ്റുകളെന്ന ആവശ്യം ഇന്നലെ ആവർത്തിച്ചതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് രാഹുൽ നൽകുന്ന സന്ദേശമെന്താകും എന്നതിലേക്ക് ഏവരും ഉറ്റുനോക്കുന്നത്.