ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നേതൃത്തത്തിലേക്ക് കാലെടുത്തുവച്ച പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സരോജാ പാണ്ഡെ രംഗത്ത്. പ്രയങ്കാ ഗാന്ധി വെറും ഒരു വീട്ടമ്മയാണെന്നും അവരുടെ സഹോദരനായ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു കോമാളിയാണെന്നും സരോജാ പാണ്ഡെ പറഞ്ഞു. ഇത്രയും വർഷമായിട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ പ്രവർത്തകയെ ലഭിക്കാഞ്ഞിട്ടാണോ ഗാന്ധി കുടുംബത്തിലെ വീട്ടമ്മയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചതെന്ന് സരോജാ പണ്ഡെ ചോദിച്ചു.
നിലവിൽ ബി.ജെ.പി എം.പിയായ സരോജാ പാണ്ഡെയ്ക്ക് മഹാരാഷ്ട്രയുടെ പാർട്ടി ചുമതലയാണുള്ളത്. അതേസമയം, സരോജാ പാണ്ഡയുടെ പരാമർശത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. നേരത്തെ തന്നെ ഒട്ടേറെ നേതാക്കൾ പ്രിയങ്കാ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. കോൺഗ്രസിന്റെ കൈയിൽ ശക്തരായ സ്ഥാനാർഥികളാരുമില്ല. ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണ് ഇത്തരം ചോക്‌ലേറ്റ് മുഖങ്ങൾ ഉപയോഗിച്ചു കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്' എന്നായിരുന്നു വിവാദപ്രസ്താവന.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും നേരിടാനാണ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായി സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറക്കിയത്. പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അദ്ധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയാണ് നിയമിച്ചത്. പ്രിയങ്ക ആദ്യമായാണ് പാർട്ടിയുടെ ഔദ്യോഗിക പദവിയിൽ എത്തുന്നത്. ഇപ്പോൾ ന്യൂയോർക്കിലുള്ള പ്രിയങ്ക മടങ്ങിയെത്തിയ ശേഷം ഫെബ്രുവരി ആദ്യവാരം ചുമതലയേൽക്കും. പ്രധാനമന്ത്രി മോദിയുടെ വാരണാസി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂർ എന്നീ മണ്ഡലങ്ങൾ കിഴക്കൻ യു.പിയിൽ ആണെന്നതു തന്നെ പ്രിയങ്കയുടെ ഭാരിച്ച ഉത്തരവാദിത്വം വ്യക്തമാക്കുന്നു.