ശബരിമല: സാധനങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തെത്തിക്കാനുള്ള റോപ് വേയുടെ തൂണുകൾക്കുള്ള സ്ഥലം അളന്ന് തിരിക്കൽ ഇന്ന് തുടങ്ങും. സന്നിധാനത്തു നിന്നാണ് സ്ഥലം അളക്കൽ തുടങ്ങുന്നത്. 12 മീറ്റർ വീതിയിലാണ് തൂണുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മിഷണർ എ.എസ്.പി. കുറുപ്പ് ഇന്നലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സർവേ വകുപ്പ് കോറിഡോർ അളന്ന് തിരിക്കുന്ന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സർവേ, റവന്യൂ, വനം, ദേവസ്വം ലാൻഡ് ഇൻഫർമേഷൻ മിഷൻ തുടങ്ങിയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നാല്പത് പേർ പങ്കെടുത്തു.
തൂണുകൾ നിർമ്മിക്കുന്നതിനുള്ള മണ്ണ് പരിശോധനയ്‌ക്കുള്ള അനുമതി വനംവകുപ്പ് നൽകും. റോപ് വേയുടെ തുടക്കവും ഒടുക്കവും ആകാശദൂരവും ഹൈക്കോടതി അംഗീകരിച്ചിരുന്നു. സ്ഥലം അളന്ന് തിരിക്കുന്നതിനൊപ്പം മുറിക്കേണ്ട മരങ്ങളും ശിഖരങ്ങളും നിശ്ചയിക്കും. പ്രാഥമിക നടപടി പൂർത്തിയാകുന്നതോടെ കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ അനുമതിയോടെ നിർമ്മാണം ആരംഭിക്കും.
റോപ് വേ
സന്നിധാനത്തെ പൊലീസ് ബാരക്കിൽ നിന്നാരംഭിച്ച് മരക്കൂട്ടം, ചരൽമേട്, നീലിമലയും പമ്പാനദിയും കുറുകെ കടന്ന് പമ്പ ഹിൽടോപ്പിൽ അവസാനിക്കും.
ദൂരം : 2.9 കിലോമീറ്റർ
നിർമ്മാണം : എയ്റ്റീന്ത് സ്റ്റെപ്‌സ് ദാമോദർ റോപ്പ് വേ കമ്പനി