modi

ഹൈദരാബാദ്: മധുരയിലെ ആൾ ഇന്ത്യാ മെഡിക്കൽ സയൻസി (എയിംസ്)ന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ ഞായറാഴ്‌ച തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് വ്യത്യസ്ത രീതിയിലുള്ള സ്വീകരണം ഒരുക്കിയാണ് തമിഴ് ജനതയുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗോബാക്ക് മോദി എന്ന ഹാഷ്‌ടാഗിൽ പോസ്‌റ്റുകളിട്ടാണ് പ്രതിഷേധം. ഏതാണ്ട് മൂന്ന് ലക്ഷം പേരെ ഭവനരഹിതരാക്കിയ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ തിരിഞ്ഞ് നോക്കാത്ത പ്രധാനമന്ത്രി ഇപ്പോൾ വരേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. ഏറെ നേരമായി ട്വിറ്ററിലും ഫേസ്ബുക്കിലും ഗോ ബാക്ക് മോദിയെന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗ് ലിസ്‌റ്റിൽ ഇടം പിടിച്ചതും പ്രതിഷേധത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു.

മധുരയിൽ ബി.ജെ.പിയ്ക്കും മോദിയ്ക്കും എതിരെ ഉയർന്ന പ്രതിഷേധം രാജ്യത്തിന്റെ വികാരത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. തമിഴ്നാടിനെ അപേക്ഷിച്ച് കേന്ദ്രം ആന്ധ്രയോട് കാണിച്ചത് കടുത്ത അനീതിയാണ്. മോദിയും അമിത്ഷായും ആന്ധ്രയിലേക്ക് വന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിഷേധമായിരിക്കും. ബി.ജെ.പിയെ ഇല്ലാതാക്കാൻ നമ്മൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

തൂത്തുക്കുടി സ്‌റ്റെർലൈറ്റ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രിയുടെ മൗനം, കാവേരി ജലത്തർക്കത്തിൽ കേന്ദ്രം കർണാടകയോട് കാണിക്കുന്ന അനുകൂല നിലപാട്, നീറ്റ് പരീക്ഷയിൽ തമിഴ്നാടിന്റെ ആശങ്കകൾ പരിഹരിക്കാത്തത് തുടങ്ങിയവ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും പ്രതിഷേധം അലയടിച്ചിരുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നിൽ ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പണം കൊടുത്തിട്ടുള്ള ക്യാംപയിനാണ് ഇതിന് പിന്നിലെന്ന് തങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഇക്കാര്യം കാര്യമായി എടുക്കുന്നില്ലെന്നും ബി.ജെ.പി വക്താവ് തിരുപ്പതി നാരായണൻ പ്രതികരിച്ചു.

എന്നാൽ ഇതിന് പിന്നിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ജനങ്ങളുടെ പ്രതിഷേധമാണ് ഇതിന് പിന്നിലെന്നും ഡി.എം.കെ നേതൃത്വം അറിയിച്ചു.രണ്ട് വർഷം മുമ്പ് തുടങ്ങിയ എയിംസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വലിയൊരു ചടങ്ങാക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം മാത്രമാണിതെന്നും ഡി.എം.കെ നേതൃത്വം കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ മധുരയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്നും ഡി.എം.കെ നേതൃത്വം കൂട്ടിച്ചേർത്തു.