തിരുവനന്തപുരം: മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് ദുർഗന്ധ പൂരിതമായി ആമയിഴഞ്ചാൻ തോട്. ഓപ്പറേഷൻ അനന്തയുടെയും മഴക്കാല പൂർവ ശുചീകരണത്തിന്റെയും ഭാഗമായി പല ഘട്ടങ്ങളിൽ മാലിന്യം നീക്കം ചെയ്ത തോട്ടിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞാണ് വീണ്ടും വികൃതമായിട്ടുള്ളത്. വലിയ തോതിൽ കുപ്പികളും ചാക്കുകെട്ടുകളും നിറഞ്ഞതോടെ വെള്ളം ഒഴുകാത്ത സ്ഥിതിയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തോട്ടിലേക്ക് മാലിന്യ നിക്ഷേപം തുടർന്നു കൊണ്ടിരിക്കുകയാണ്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും അതല്ലാതെ വാഹനങ്ങളിൽ കൊണ്ടുവന്നും ആളുകൾ മാലിന്യം തള്ളുന്നുണ്ട്. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച തോട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനൊപ്പം സമീപവാസികൾക്ക് രോഗങ്ങൾ ഉണ്ടാക്കുന്നു.
തോട് കടന്നുപോകുന്ന നഗരത്തിലെ ചെങ്കൽചൂള, തമ്പാനൂർ, പഴവങ്ങാടി, തകരപ്പറമ്പ്, വഞ്ചിയൂർ, പാറ്റൂർ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വൻ മാലിന്യമാണ് അടിഞ്ഞുകൂടി കിടക്കുന്നത്. തോട്ടിലെ പാലങ്ങളുടെ അടിഭാഗത്തെല്ലാം വലിയ ചാക്കുകെട്ടുകളടക്കം കെട്ടിക്കിടക്കുന്നുണ്ട്. തോടിനു സമീപത്തെ ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ വലിയ അളവിൽ തോട്ടിലേക്ക് കൊണ്ടുതള്ളുന്നതായി ആക്ഷേപമുണ്ട്. പഴവങ്ങാടി-തകരപ്പറമ്പ് -ചെട്ടിക്കുളങ്ങര റെയിൽവേ മേൽപ്പാലം വഴിയുള്ള തോടിന്റെ ഭാഗങ്ങൾ പൂർണമായി ഒഴുക്ക് നിലച്ച സ്ഥിതിയാണ്. തമ്പാനൂർ മസ്ജിദ് റോഡിലെ സ്ഥിതിയും സമാനമാണ്. പ്ലാസ്റ്റിക് പ്ലേറ്റുകൾ, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങി സകല മാലിന്യങ്ങളും നിറഞ്ഞു കിടപ്പുണ്ട്. പലയിടങ്ങളിലും മാലിന്യം നിറഞ്ഞു മല പോലെയായി മാറിയിട്ടുണ്ട്. അടിയിൽ വെള്ളമുണ്ടെന്ന് നോക്കിയാൽ മനസിലാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മാലിന്യം കിടക്കുന്നത്.
കാമറകൾ പ്രവർത്തിക്കുന്നില്ല
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം എറിയുന്നവരെ പിടികൂടാൻ കോർപറേഷൻ കാമറകൾ സ്ഥാപിച്ചിട്ടും കാര്യമുണ്ടായില്ല. കാമറ സ്ഥാപിച്ച് അധികൃതർ സ്ഥലം വിട്ടതോടെ മാലിന്യം തള്ളലും തുടങ്ങി. രാത്രിയും ദ്യശ്യങ്ങൾ ഒപ്പിയെടുക്കുമെന്ന് അവകാശപ്പെട്ട് കോർപറേഷൻ സ്ഥാപിച്ചിട്ടുള്ള കാമറകൾക്ക് ചുവട്ടിലാണ് ഏറ്റവും കൂടുതൽ മാലിന്യം നിറഞ്ഞുകിടക്കുന്നത്. ആമയിഴഞ്ചാൻ തോട് സംരക്ഷിക്കാൻ കാമറ സ്ഥാപിച്ച കോർപറേഷൻ ഇതുവരെയും മാലിന്യം എറിഞ്ഞതിന് ആരെയെങ്കിലും പിടികൂടിയതായി അറിവില്ല. കാമറകൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. മാലിന്യം എറിയുന്നവരെ പിടികൂടി പൊലീസിൽ ഏല്പിക്കുമെന്നായിരുന്നു അറിയിപ്പ്. കുറച്ചു നാൾ പ്രശ്നങ്ങളില്ലാതിരുന്നെങ്കിലും താമസിയാതെ കാര്യങ്ങൾ പഴയ പടിയായി.
മാലിന്യം നിക്ഷേപിക്കുന്നവരെ തിരിച്ചറിഞ്ഞാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ല. തകരാറിലായ കാമറകൾ പ്രവർത്തന സജ്ജമാക്കും. നിലവിൽ മാലിന്യം നിറഞ്ഞ ഭാഗങ്ങളിൽ നിന്ന് അവ അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിക്കും.
-കോർപറേഷൻ (ആരോഗ്യ വിഭാഗം)
തോട്ടിലെ മാലിന്യം വാരി മാറ്റിയിട്ട് കാലങ്ങളായി. ദുർഗന്ധം കാരണം ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അസുഖം വരുമെന്ന പേടിയുമുണ്ട്. - തകരപ്പറമ്പ് നിവാസികൾ