പോത്തൻകോട്: തിരക്കേറുന്ന ഐ.ടി നഗരത്തിലെ ട്രാഫിക് കുരുക്ക് പരിഹരിക്കാൻ ദേശീയപാതയിൽ സി.എസ്.ഐ മിഷൻ ആശുപത്രി മുതൽ ടെക്നോപാർക്ക് ഫെയ്സ് ത്രീ (ആറ്റിൻകുഴി) വരെ 2 .72 കിലോമീറ്റർ നീളത്തിലുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം തുടങ്ങി. നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയെന്ന റെക്കാഡ് കഴക്കൂട്ടത്തിന് സ്വന്തമാകും. ഇതിന്റെ നിർമ്മാണ ചുമതല ആർ.ഡി.എസ് (രാമേശ്വർ ദയാൽ ആൻഡ് സൺസ്), സി.വി.സി.സി (ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ) എന്നീ കമ്പനികൾക്കാണ്.
കഴക്കൂട്ടം സി.എസ്.ഐ ആശുപത്രി മുതൽ ആറ്റിൻകുഴിയിലെ ടെക്നോപാർക്ക് ഫെയിസ് ത്രീ വരെ പ്രധാന റോഡിന്റെ മീഡിയനിൽ ഒറ്റത്തൂണുകളിൽ നാലുവരിപ്പാതയായാണ് നിർമ്മാണം.
45 മീറ്ററാണ് ഹൈവേയുടെയും താഴത്തെ റോഡിന്റെയും വീതി. ഫെയിസ് ത്രീ മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെയുള്ള 1 .40 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തേ സ്ഥലമെടുപ്പ് പൂർത്തിയായിരുന്നു. കഴക്കൂട്ടം ജംഗ്ഷൻ മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള 1.32 കിലോമീറ്ററിന് നിലവിൽ 30 മീറ്റർ വീതിയാണുള്ളത്. ഈ ഭാഗത്ത് സ്ഥലമേറ്റെടുക്കാനായി ഒരുവർഷം മുൻപ് സർവേയും കല്ലിടലും പൂർത്തിയാക്കിയിരുന്നു. 3 ഡി നോട്ടിഫിക്കേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഇറക്കി ബാക്കിയുള്ള സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ പറയുന്നു.
മണ്ണ് പരിശോധന പൂർത്തിയായതോടെ ടെക്നോപാർക്കിന് സമീപം പൈലിംഗ് ജോലികൾ ആരംഭിച്ചു. റോഡിലെ മീഡിയനിൽ നിൽക്കുന്ന 15 തണൽ മരങ്ങൾ മുറിച്ചുമാറ്റാനും അനുമതിയായി. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുലൈനുകളും ടെലിഫോൺ കേബിളുകളും മാറ്റിസ്ഥാപിക്കാനും തുടങ്ങി.
24 മാസം കൊണ്ട് പണികൾ പൂർത്തിയാക്കണമെന്നാണ് കരാർ. നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. പാത ഇരട്ടിപ്പിക്കലിൽ ഉൾപ്പെടാതിരുന്ന ഈ പദ്ധതി, കഴക്കൂട്ടം -മുക്കോല പാതയിരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്.