തിരുവനന്തപുരം : തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡ് ഇരുട്ടിലായി. അധികൃതരുടെ അശ്രദ്ധകാരണം സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റ് മുതൽ പുളിമൂട് ജി.പി.ഒ വരെ റോഡിന്റെ മദ്ധ്യഭാഗത്തെ മീഡിയനിൽ സ്ഥാപിച്ചിട്ടുള്ള പതിനഞ്ച് ഹാലെജൻ വിളക്കുകളാണ് മിഴിയടച്ചത്. കൂടാതെ കോർപറേഷന് മുന്നിലും കവടിയാറിലുമെല്ലാം നിരവധി ലൈറ്റുകളാണ് കേടായത്. വൈദ്യുതി വിതരണ സംവിധാനത്തിലെ അപാകതയാണ് തകരാറിന് കാരണമെന്നാണ് പറയപ്പെടുന്നത്. രാത്രി പത്തുവരെ കടകളിലെ വെളിച്ചം റോഡിന് ഇരുവശത്തും ലഭിക്കാറുണ്ട്. എന്നാൽ രാത്രി പത്തോടെ കടകൾ പൂട്ടിയാൽ റോഡ് ഇരുട്ടിലാകും. ഇതോടെ തെരുവ് നായ്ക്കൾ റോഡ് കീഴടക്കും. ഒപ്പം സമൂഹ്യവിരുദ്ധരും റോഡിൽ തമ്പടിക്കും.
സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുട്ടായതോടെ അതിരാവിലെ പ്രഭാത സവാരിക്ക് പോകുന്നവരും ബുദ്ധിമുട്ടിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. അതിൽ മിക്കതും അതിരാവിലെയായിരുന്നു. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ ഫുട്പാത്തിൽ കിടക്കുന്ന തെരുവ് നായ്ക്കൾ വഴിയാത്രക്കാരെ ആക്രമിക്കുന്നത് പതിവാണെന്ന് നഗരത്തിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. അടിയന്തരമായി തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരത്തിലെ പ്രധാന റോഡുകൾ റോഡ് ഫണ്ട് ബോർഡിന്റെ അധീനതയിലാണ്. കവടിയാർ മുതൽ പുളിമൂട് വരെ ലൈറ്റ്
കത്താത്തതിനെ സംബന്ധിച്ച് മേയർ റോഡ് ഫണ്ട് ബോർഡ് അധികാരികളോട് സംസാരിച്ചിട്ടുണ്ട്. അടിയന്തരമായി ലൈറ്റ് തെളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.- പാളയം രാജൻചെയർമാൻ, ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി