തിരുവനന്തപുരം: ഗ്ലാസ് പെയിന്റിംഗുകൾ കൊണ്ട് നിറങ്ങളുടെ വിസ്മയം തീർത്തിരിക്കുകയാണ് ലേഖ ജുവൽ എന്ന കോഴിക്കോട്ടുകാരി. സാധാരണ ക്യാൻവാസിലെ ചിത്രങ്ങളാണ് സന്ദർശകരുടെ കണ്ണുകൾക്ക് നിറച്ചാർത്ത് പകരുന്നതെങ്കിൽ ഇവിടെ ഗ്ലാസ് പെയിന്റിംഗുകളാണ് സന്ദർശകരുടെ കണ്ണുകൾക്ക് വർണ വിസ്മയം ഒരുക്കുന്നത്. പറഞ്ഞ് വരുന്നത് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലെ 'ഷേഡ്സ് ഒഫ് ലൈഫ് " എന്ന ഏകാംഗ ചിത്ര പ്രദർശനത്തെ കുറിച്ചാണ്. 40 ഗ്ലാസ് പെയിന്റിംഗുകളാണ് ലേഖ പ്രദശർനത്തിനായി വച്ചിട്ടുള്ളത്.
ചെറുപ്പത്തിലേ ചിത്രം വരക്കാൻ ഇഷ്ടപ്പെടുന്ന ലേഖയ്ക്ക് ചിത്ര രചനയോട് അതിയായ താത്പര്യമായിരുന്നു. പെൻസിൽ കൊണ്ടുള്ള ചിത്രങ്ങളാണ് ആദ്യം വരച്ചിരുന്നത്. എന്നാൽ വലിയ രീതിയിൽ പെയിന്റിംഗുകളോ മറ്റോ ഒന്നും കാര്യമായി ചെയ്തിട്ടുണ്ടായിരുന്നില്ല.
2017 കോഴിക്കോട് എം.സിസി കോളേജിൽ വച്ച് ഡിഗ്രി ബാച്ചിന്റെ ഗെറ്റ് ടുഗദറിന്റെ സമയത്ത് മെമന്റോ ചെയ്യാൻ ലേഖയോട് സുഹൃത്തുക്കൾ ആവശ്യപ്പെടുകയും ഗ്ലാസി പെയിന്റ് ചെയ്ത് മെമന്റോ പൂർത്തിയാക്കുകയുമായിരുന്നു. അപ്പോൾ സുഹൃത്തുക്കളിൽ ആരോ പറഞ്ഞ ആശയത്തിന്റെ പുറത്താണ് എക്സിബിഷന് വേണ്ടി ഗ്ലാസ് പെയിന്റിംഗുകൾ ലേഖ വരക്കാൻ ആരംഭിക്കുന്നത്. കാൻവാസിനേക്കാൾ ഗ്ലാസ് പെയിന്റിംഗുകളിൽ കൂടുതൽ നിറങ്ങൾ എടുത്ത് കാണിക്കുമെന്നും കൂടുതൽ നിറങ്ങൾ ഉപയോഗിച്ച് ചിത്രം വരയ്ക്കാനാണ് താത്പര്യമെന്നും ലേഖ പറയുന്നു. ഏകദേശം രണ്ട് മാസം സമയമെടുത്താണ് ഈ 40ഒാളം ചിത്രങ്ങൾ ലേഖ പൂർത്തീകരിച്ചത്. തുടർന്ന് 2018 ആഗസ്റ്റിൽ കോഴിക്കേട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ പ്രദർശനം നടത്തി.
ഒരു വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നു പോവുന്ന കാഴ്ചകളെയാണ് ഷേഡ്സ് ഒഫ് ലൈഫ് എന്ന പ്രദർശനം കൊണ്ട് ലേഖ അർത്ഥമാക്കുന്നത്. ആത്മീയതയുമായി ബന്ധപ്പെട്ട് കിടക്കുന്ന ബുദ്ധനും കൃഷ്ണനുമൊക്കെ അങ്ങനെ ലേഖയുടെ കാൻവാസിൽ പിറന്നു. യാത്രകളിൽ കാണുന്ന കാഴ്ചകളും പ്രകൃതിയും വളരെ മനോഹരമായി ലേഖ ചിത്രീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായി ലേഖ ചിത്രരചന പഠിച്ചിട്ടില്ല. എന്നാൽ ചിത്ര രചനയോടുള്ള താത്പര്യംമൂലം ചെയ്ത് ചെയ്താണ് ഇന്ന് കാണുന്ന ഈ മനോഹര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് ലേഖ പറയുന്നു. ജീവിതത്തിലെ സന്തോഷമുള്ള നിമിഷങ്ങൾ സംഗീതം, പൂക്കൾ, പ്രകൃതി എന്നിങ്ങനെ ഒരു വ്യക്തി തന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന എന്തും ലേഖയുടെ ചിത്രങ്ങളിലെ വിഷയമാണ്.
ഏഴ് വർഷം മുൻപ് വലിയ ഗ്ലാസ് ഫ്രെയിമിൽ ലേഖ വരച്ച രണ്ട് ചൈനീസ് സുന്ദരിമാരുടെ ചിത്രമാണ് പ്രദർശശനത്തിലെ മറ്റൊരു പ്രധാന ആകർഷണം. ഈ ചിത്രത്തിൽ ഏതൊരു കാഴ്ചക്കാരന്റെയും കണ്ണൊന്നുടക്കും കാരണം അത്രമനോഹരമായാണ് അവരുടെ ആ വേഷഭംഗി ലേഖ പകർത്തിയിരിക്കുന്നത്. ചൈനയിലുള്ള സഹോദരന്റെ അടുത്തേക്ക് സന്ദർശനം നടത്തിയ സമയത്ത് കണ്ട കാഴ്ചകളായിരുന്നു ചിത്രം വരയ്ക്കാൻ പ്രചോദനമായതെന്ന് ലേഖ പറയുന്നു.
വെള്ള ഗ്ലാസ് പെയിന്റു കൊണ്ട് തീർത്ത റഷ്യൻ യുവതിയുടെ ചിത്രമാണ് വരച്ചതിൽ വച്ച് ലേഖയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. യുവതിയോടൊപ്പം ഒരു മരവും ചിത്രത്തിലുണ്ട്. സ്ത്രീയെ മരം എന്ന രീതിയിൽ പരിഗണിക്കാമെന്നും സ്ത്രീ തണൽ നൽകുന്നുവെന്ന ആശയവും ചിത്രത്തിന് പിറകിലുണ്ടെന്ന് ലേഖ പറയുന്നു. നാല് കാലങ്ങളെ സൂചിപ്പിക്കുന്നതിനായി ഒരു ഫ്രെയിമിൽ നാല് നിറങ്ങൾ ഉപയോഗിച്ചുള്ള ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ചിത്രങ്ങൾക്ക് ത്രിഡി ഇഫക്ട് ലഭിക്കാനായി ക്ലേ ഉപയോഗിച്ച് പൂക്കളുണ്ടാക്കി പെയിന്റ് ചെയ്ത് ഗ്ലാസ് പെയിന്റിംഗിനോട് ചേർത്ത് ഒട്ടിച്ചിട്ടുമുണ്ട്. കോട്ടയം സ്വദേശിയായ ജുവൽ സെബാസ്റ്റ്യനാണ് ഭർത്താവ്, എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹന്ന,ഹർഷ് എന്നിവരാണ് മക്കൾ.