തിരുവനന്തപുരം: പാള കൊണ്ടുള്ള പാത്രങ്ങൾ മുതൽ തുണികൊണ്ടുള്ള സാനിട്ടറി നാപ്കിനുകൾ വരെ ലഭിക്കുന്നൊരു പരിസ്ഥിതി സൗഹൃദ ഷോപ്പ് വരുന്നു. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ ഷോപ്പ് തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് നഗരസഭ.
പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 'എന്റെ നഗരം സുന്ദര നഗരം" പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ബദലുകളുടെ പ്രചാരണാർത്ഥമാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാളയം, കഴക്കൂട്ടം, ടെക്നോപാർക്ക് കാമ്പസ്, ചാല എന്നിവിടങ്ങളിലാണ് ഷോപ്പുകൾ തുടങ്ങുന്നത്. അടുത്തമാസം ആദ്യ ആഴ്ചയിൽ പാളയത്ത് കട തുറക്കും. തുണി, പേപ്പർ, പാള തുടങ്ങിയവ കൊണ്ട് നിർമ്മിച്ച വിവിധ തരം പാത്രങ്ങൾ, സഞ്ചികൾ, ബാഗുകൾ, ആഭരണങ്ങൾ, തുണികൊണ്ടുള്ള പാഡുകൾ, കരകൗശല വസ്തുക്കൾ, പുനരുപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയാകും കടയിൽ പ്രധാനമായും ലഭിക്കുക. പ്ലാസ്റ്റിക് കാരി ബാഗുകൾ നഗരസഭ പൂർണമായും നിരോധിച്ചപ്പോൾ ബദൽ സംവിധാനമൊരുക്കുന്നതിലുള്ള പോരായ്മ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ തുണി ബാഗുകൾ ലഭ്യമാക്കുന്നതിനായി പ്രത്യേകം നിർമ്മാണ യൂണിറ്റുകളും നഗരസഭ തുടങ്ങി. എന്നാൽ പലപ്പോഴും ഇവ ആവശ്യക്കാരിൽ എത്തുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കടകൾ ആരംഭിക്കുന്നത്. ചെറിയ സംരംഭ യൂണിറ്റുകളും കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കുന്ന ഉത്പന്നങ്ങളും ഈ കടകളിലൂടെ വിൽക്കാനാകും.
അറുപത്തിയേഴിടത്ത് വെൻഡിംഗ് മെഷീൻ
നഗരത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്ഥാപിക്കാൻ പോകുന്ന അറുപത്തിയേഴിടത്ത് നാപ്കിൻ പാഡുകളും ക്ലോത്ത് പാഡുകളും ലഭ്യമാക്കുന്ന വെൻഡിംഗ് മെഷീനിലേക്ക് വേണ്ടിവരുന്ന പാഡുകൾ നിർമ്മിക്കും. ഇതിന് പുറമേയാണ് 'പരിസ്ഥിതി സൗഹൃദ' ഷോപ്പിലെ പാഡ് വില്പന.
പരീക്ഷണാടിസ്ഥാനത്തിൽ 34 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. 64,670 രൂപയാണ് ഒരു വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ ചെലവാകുക. വിവിധ സ്വകാര്യ കമ്പനികളുടെയും സംസ്ഥാന ശുചിത്വ മിഷന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ഇപ്പോൾ നഗരത്തിലെ ചില സ്കൂളുകളിൽ വെൻഡിംഗ് മെഷീനുകൾ പ്രവർത്തിക്കുന്നത്. മെഷീനുകളുടെ നിർമ്മാണച്ചുമതലയുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിനാണ് ഈ പദ്ധതിയുടെയും ചുമതല. 98 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. പത്ത് രൂപയ്ക്ക് മൂന്നു പാഡുകളാകും വെൻഡിംഗ് മെഷീൻവഴി ലഭിക്കുക. വൃത്തിയാക്കി ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയും.
ക്ലോത്ത് പാഡ് വിപ്ലവം
പ്ലാസ്റ്റിക് മുക്ത നഗരം ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ക്ലോത്ത് പാഡുകളുടെ പ്രചാരണത്തിന് തുടക്കമിടാൻ നഗരസഭ ആലോചിച്ചത്.
പ്ലാസ്റ്റിക് നിർമ്മിതമായ നാപ്കിനുകൾ ശാസ്ത്രീയമായി നിർമാർജനം ചെയ്യണമെന്ന് കേന്ദ്ര ഹരിത ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ, അത് പരമാവധി ഒഴിവാക്കുക എന്നതുകൂടി ലക്ഷ്യം വച്ചാണ് ക്ളോത്ത് പാഡുകൾ വ്യാപകമാക്കുന്നത്. കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി സാനിറ്ററി പാഡുനിർമ്മിക്കുന്നതിനായി യൂണിറ്റികൾ ആരംഭിക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്.
പരമാവധി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ നഗരവാസികൾ തയ്യാറാകണം.- വി.കെ.പ്രശാന്ത് (നഗരസഭാ മേയർ)