തിരുവനന്തപുരം: ‘മതിലിൽ പരസ്യം പതിക്കരുത്’ എന്ന ബോർഡ് മാറ്റി ‘ഇവിടെ ചിത്രം വരയ്ക്കാം’ എന്നെഴുതി വയ്ക്കാൻ തയ്യാറായിക്കോളൂ... കാരണം ഈ ചിത്രങ്ങൾ കണ്ടാൽ ആരും പറയും ഞങ്ങളുടെ മതിലിലും ഒന്നു വരയ്ക്കൂ എന്ന്. ഡി.എം.ഒയുടെ പ്രത്യേക അപേക്ഷയെത്തുടർന്നാണ് പനവൂർ ഹീരാ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ജനറൽ ആശുപത്രിയിലെ മതിലുകളിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. അതും രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളുടെയും നേർക്കാഴ്ചകൾ വരച്ച് കാട്ടുന്ന നന്മയുടെ ചിത്രങ്ങൾ.
ഒരു ബോധവത്കരണ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ ജില്ലാ കളക്ടറേറ്റിലെ മതിലിൽ ഹീരയിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ചിത്രം വരച്ചിരുന്നു. സുന്ദരമായ ഈ ചിത്രങ്ങൾ കാണാനിടയായ ഡി.എം.ഒ സരിതയാണ് വിദ്യാർത്ഥികളെ നേരിട്ട് സമീപിച്ച് എന്ത് കൊണ്ട് ജനറൽ ആശുപത്രി മതിലുകൾ കൂടി ചിത്രം വരച്ച് സുന്ദരമാക്കി കൂടായെന്ന് ചോദിച്ചത്. ചോദിക്കേണ്ട താമസം കുട്ടികൾ റെഡി. അങ്ങനെയാണ് ഏകദേശം 110 പേർ അടങ്ങുന്ന സംഘം ചിത്രം വരയ്ക്കാൻ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. ചിത്രം വരയ്ക്കുന്നതിനാവശ്യമായ ചായം ആശുപത്രി അധികൃതർ തന്നെ സ്പോൺസർ ചെയ്തിട്ടുണ്ടെന്ന് കോളേജിലെ പ്രോഗ്രാം ഓഫീസറായ രാഹുൽ പറയുന്നു.