നേമം: വിഷ്ണു മോഹൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ നേട്ടങ്ങളെ കുറിച്ച് പറയുവാൻ പുന്നമൂട് ഗവ. എച്ച്.എസ് സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൂറു നാവാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പേര് ദേശീയ തലത്തിൽ നിന്നും അന്തർദേശീയ തലത്തിൽ വരെ എത്തിച്ചത് ഈ കൊച്ചു മിടുക്കനാണ്.
മംഗോളിയയിൽ കഴിഞ്ഞ മാസം 4 മുതൽ 8 വരെ നടന്ന ഏഷ്യൻ സബ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വിഷ്ണുവിന് ഒരു സ്വർണ്ണവും രണ്ട് വെള്ളിമെഡലും ലഭിച്ചു. കൂടാതെ ഏഷ്യൻ രാജ്യങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പൽ രണ്ടാം സ്ഥാനവും.
ശാന്തിവിള ന്യൂ യു.പി.എസിൽ വിദ്യാഭ്യാസം ആരംഭിച്ച വിഷ്ണു കലാമത്സരങ്ങളിൽ പങ്കെടുത്താണ് മത്സരവേദികളിൽ പ്രകടനം ആരംഭിക്കുന്നത്. പിന്നീട് ശാന്തിവിള പി.എസ്.ജി.ആർ.സി വോളീബോൾ പരിശീലനത്തിനിടയിൽ കോച്ച് രവീന്ദ്രൻ നായരാണ് വിഷ്ണുവിന്റെ ശരീരപ്രകൃതി ഭാരോദ്വഹനത്തിന് ചേരുന്നതാണെന്ന് കണ്ടെത്തിയത്. 2017ൽ സ്റ്റേറ്റ് കൗൺസിൽ റീജിയണൽ കോച്ചിംഗ് സെന്ററിൽ ചേർന്ന് കോച്ച് ജോസ് വിൻസെന്റിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു. ആ വർഷം തന്നെ സംസ്ഥാന - ദേശീയ തലത്തിൽ മത്സരിച്ച് മികച്ച വിജയം കൈവരിച്ചു.
സ്കൂളിലെ എസ്.പി.സി കേഡറ്റ് കൂടിയായ വിഷ്ണുവിന് ഇൻസ്ട്രക്ടർ അജയകുമാറിന്റെയും, സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജോസിന്റെയും മികച്ച പിന്തുണ ലഭിച്ചു.
ഒരു സ്ഥിരം സ്പോൺസറെ കണ്ടെത്താൻ സാധിക്കാത്തതാണ് വിഷ്ണുവിനെ കുഴയ്ക്കുന്ന പ്രശ്നമെന്ന് അമ്മ വേണി പറഞ്ഞു. മറ്റു വരുമാന മാർഗം ഇല്ലാത്തതിനാൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഇവർക്ക് കടുത്ത വെല്ലുവിളിയാണ്.
മംഗോളിയയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ ചെലവായ 3.5 ലക്ഷം രൂപ ബാങ്ക് ലോൺ വഴിയും, സ്കൂൾ അധികൃതരുടെ സഹായവും കൊണ്ടാണ് ഒപ്പിച്ചത്.
വിഷ്ണവും, അമ്മയും, അമ്മുമ്മയും താമസിക്കുന്നത് ശാന്തിവിള കുരുമി റോഡിൽ 80 വർഷം പഴക്കമുള്ള വീട്ടിലാണ്. വീടിന്റെ മേൽകൂര പല ഭാഗത്തും പൊളിഞ്ഞതുകൊണ്ട് ടാർപോളിൻ കൊണ്ട് മൂടിയിരിക്കുകയാണ്.
2014ൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകാൻ സുതാര്യ കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. താമസിക്കുവാൻ ഒരു നല്ല വീടില്ലാത്ത അവസ്ഥയിലാണിപ്പോൾ ഇന്ത്യയുടെ ഭാവി വാഗ്ദാനം.