മമ്മൂട്ടിയുടെ ഇതരഭാഷാ ചിത്രങ്ങളായ പേരൻപും യാത്രയും ഒരാഴ്ചത്തെ ഇടവേളയിൽ തിയേറ്ററുകളിലെത്തുന്നു.
ഒട്ടേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച തമിഴ ്ചിത്രമായ പേരൻപ് ഫെബ്രുവരി ഒന്നിനും തെലുങ്ക് ചിത്രമായ യാത്ര ഫെബ്രുവരി എട്ടിനുമാണ് തിയേറ്ററുകളിലെത്തുന്നത്.
ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന പേരൻപ് മമ്മൂട്ടിക്ക് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്.
ഞായറാഴ്ച കൊച്ചി ലുലു മാളിൽ നടന്ന പേരൻപിന്റെ കേരള പ്രിമിയർ ഷോ നിറഞ്ഞ കൈയോടെയാണ് കാണികൾ വരവേറ്റത്. ആരാധകർക്കൊപ്പം സംവിധായകരായ ജോഷി, സിബി മലയിൽ, കമൽ, രൺജി പണിക്കർ, ബി. ഉണ്ണിക്കൃഷ്ണൻ, നാദിർഷ, തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി, അഭിനേതാക്കളായ നിവിൻ പോളി, ഷറഫുദ്ദീൻ, സിജുവിൽസൺ, ജി.എസ്. പ്രദീപ്, അനു സിതാര, അനുശ്രീ, നിമിഷാ സജയൻ, സംയുക്താ മേ നോൻ,ആശാ ശരത്, രമേഷ് പിഷാരടി തുടങ്ങിയവർ ഷോ കാണാൻ എത്തിയിരുന്നു.മമ്മൂട്ടിയും സംവിധായകൻ റാമും നിർമ്മാതാവ് പി.എൽ. തേനപ്പനും പേരൻപിലെ താരങ്ങളായ അഞ്ജലി, സാധന, അഞ്ജലി അമീർ തുടങ്ങിയവരും പങ്കെടുത്തു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പേരൻപ് കേരളത്തിലെത്തിക്കുന്നത്.
അതേ സമയം ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ ജീവിതകഥ പറയുന്ന യാത്രയുടെ മലയാളം പതിപ്പും കേരളത്തിൽ റിലീസ് ചെയ്യും. മലയാളം പതിപ്പിന് കഴിഞ്ഞയാഴ്ച മമ്മൂട്ടി ഡബ് ചെയ്തിരുന്നു. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്ര കേരളത്തിൽ റിലീസ് ചെയ്യുന്നത്.
നിഷാദ് കോയയുടെ ചിത്രത്തിൽ മമ്മൂട്ടി നായകൻ
തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധായകനാവുന്ന സിനിമയിൽ മമ്മൂട്ടി നായകൻ. രചനയും നിഷാദ് കോയ നിർവഹിക്കുന്നു. ഒാർഡിനറി, മധുര നാരങ്ങ, പോളിടെക്നിക്, തോപ്പിൽ ജോപ്പൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. ദുബായിയാണ് ലൊക്കേഷൻ. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കും. 40 ദിവസത്തെ ഷൂട്ടിംഗാണ് പ്ളാൻ ചെയ്യുന്നത്. മധുര നാരങ്ങയുടെ നിർമ്മാതാക്കളിലൊരാളായ സി.എസ് .സ്റ്റാൻലിയാണ് ചിത്രം നിർമ്മിക്കുന്നത്.