ബഡ്ജറ്റ് അവതരണത്തിൽ ഇതിനകം തന്നെ പതിവ് രീതികൾ മാറ്റിമറിച്ചിട്ടുള്ള ഇപ്പോഴത്തെ കേന്ദ്രസർക്കാർ, ഫെബ്രുവരി ഒന്നാംതീയതി അവതരിപ്പിക്കുന്ന അവസാന ബഡ്ജറ്റിൽ വീണ്ടും പുതുമ തേടിയാൽ അതിശയിക്കാനില്ല. മുമ്പൊക്കെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയിൽവേ ബഡ്ജറ്റ് ഇൗ സർക്കാർ പൊതു ബഡ്ജറ്റിന്റെ ഭാഗമാക്കി. അതുപോലെ, ബഡ്ജറ്റ് അവതരണത്തിന്റെ തീയതി ഒരുമാസം നേരത്തെയാക്കി; അതുവഴി ബഡ്ജറ്റ് നിർദ്ദേശങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയവും ലഭ്യമാക്കി. ജി.എസ്.ടി നടപ്പിലാക്കുകവഴി കസ്റ്റംസ് തീരുവ ഒഴികേയുള്ള പരോക്ഷ നികുതി നിർണയം ബഡ്ജറ്റിന് പുറത്തുവച്ചു നടത്തുന്ന അവസ്ഥ സംജാതമാക്കി. ഇവ തീരുമാനിക്കാനുള്ള അധികാരം ജി.എസ്.ടി കൗൺസിലിന് കൈമാറി. ഇപ്രാരം മൂന്ന് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാർ അതിന്റെ ആറാം ബഡ്ജറ്റിൽ നാലാം മാറ്റത്തിന് തുനിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അഞ്ചുവർഷം പൂർത്തിയാക്കിയ ഒരു കേന്ദ്ര സർക്കാരും അഞ്ചിൽകൂടുതൽ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ച ചരിത്രമില്ല. അവരൊക്കെ ആറാമതായി സമർപ്പിച്ചത് ഇടക്കാല ബഡ്ജറ്റ് മാത്രമായിരുന്നു. വരാൻ പോകുന്ന സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവിനങ്ങൾക്കായുള്ള ധനാഭ്യർത്ഥനയാണ് ഇടക്കാല ബഡ്ജറ്റിൽ മുഖ്യമായും ഇടംപിടിക്കുക. പുതിയ വരുമാന നിർദ്ദേശങ്ങൾ അതിൽ ഉണ്ടാവില്ല. എന്നാൽ വരുന്ന പന്ത്രണ്ട് മാസത്തിനുള്ളിൽ ചെയ്തുതീർക്കാനുള്ള പരിപാടികളും അവയുടെ ചെലവും ഇടക്കാല ബഡ്ജറ്റിൽ ഉൾപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ പതിവ് രീതികളിൽ നിന്ന് ഭിന്നമായി 2019-20 വർഷത്തേക്ക്, ഇപ്പോഴത്തെ സർക്കാർ, ഒരു സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ചാൽ അതിന് നിയമപരമായി തടസമൊന്നുമില്ല. വളരെ നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേയുള്ള ബഡ്ജറ്റ് ആയതുകൊണ്ടുതന്നെ അത് എൻ.ഡി.എയുടെ സാമ്പത്തിക പ്രകടനപത്രികയുടെ ഭാവം പേറുന്നതായിരിക്കും. സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ നിർവഹിക്കാനുദ്ദേശിക്കുന്ന സാമ്പത്തിക നയപരിപാടികൾ അതിലുണ്ടാകും. ഇതും കടന്ന്, വരുന്ന 12 മാസത്തേക്കുള്ള വരുമാന നിർദ്ദേശങ്ങളിലേക്ക് നീങ്ങാനുള്ള ത്വരയും സർക്കാരിനുണ്ടാകാം. അതിന് സാങ്കേതിക ന്യായീകരണങ്ങൾ നിരത്താനുമാകും. ഇപ്പോൾതന്നെ സർക്കാർ വരുമാനത്തിന്റെ വലിയൊരു ഭാഗവും നിശ്ചയിക്കപ്പെടുന്നത് ബഡ്ജറ്റിലല്ല. പിന്നെയുള്ളത് വ്യക്തികളുടെയും കമ്പനികളുടെയും മേലുള്ള വരുമാന നികുതികളാണ്. അവയെക്കുറിച്ച് നേരത്തെതന്നെ ഒരു ധാരണയുണ്ടാകുന്നതിൽ അപാകതയില്ലെന്ന് വാദിക്കാവുന്നതാണ്. (യഥാർത്ഥ കാരണം രാഷ്ട്രീയ ലക്ഷ്യമാണെന്നത് മറ്റൊരു വിഷയം). ഇനിയിപ്പോൾ, സാങ്കേതികമായി, ആറാം ബഡ്ജറ്റ് ഒരു ഇടക്കാല ബഡ്ജറ്റ് ആയാൽപ്പോലും അതിന്റെ കെട്ടുംമട്ടും ഒരു സമ്പൂർണ ബഡ്ജറ്റിന്റേത് തന്നെ ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്ക് വിനയായിത്തീർന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതിരിക്കാൻ പുതിയ കേന്ദ്ര ബഡ്ജറ്റിനാവില്ല. കാർഷിക ദുരിതവും തൊഴിലില്ലായ്മയുമാണ് തിരിച്ചടിക്ക് കാരണമായ രണ്ട് പ്രധാന പ്രശ്നങ്ങൾ. കർഷകരുടെ വരുമാനം 2022 ആകുമ്പോഴേക്ക് ഇരട്ടിപ്പിക്കുമെന്ന് ഇൗ സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ പറഞ്ഞിരുന്നതാണ്. പക്ഷേ, 2014-15 നുശേഷം ഗ്രാമീണരുടെ വരുമാനം കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. യു.പി.എ ഭരണകാലത്ത് ഭക്ഷ്യവസ്തുക്കളുടെ പ്രതിഫലം (വില) ഒരുവർഷം ശരാശരി 12.2 ശതമാനം കണ്ട് ഉയർന്നിരുന്നപ്പോൾ എൻ.ഡി.എ ഭരണകാലത്ത് വർദ്ധനവിന്റെ തോത് 2.75 ശതമാനം മാത്രമായിരുന്നു. കാർഷിക വിളകളുടെ സംഭരണവില ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയാക്കുമെന്ന് അഞ്ചാം ബഡ്ജറ്റിൽ പറഞ്ഞിരുന്നെങ്കിലും കാര്യമായ തോതിലത് പ്രാവർത്തികമാക്കാൻ കഴിയാതെപോയി. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും, ഒരുപാട് ബഡ്ജറ്റുകൾ വന്നെങ്കിലും, ഇന്നും 60 ശതമാനം വിളകൾക്കും ജലസേചനം അപ്രാപ്യമായിത്തുടരുന്നു. ഇത്തരം ഘടനാപരമായ വൈകല്യങ്ങൾ പരിഹരിക്കാനുള്ള പരിപാടികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കടങ്ങൾ എഴുതിത്തള്ളി കർഷക ദുരിതം ശമിപ്പിക്കാനുള്ള നടപടിയോട് പ്രധാനമന്ത്രിതന്നെ ഇതിനകം വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് 'പഞ്ചാരമിഠായി "യെന്നാണ്. തെലുങ്കാനയിൽ ചന്ദ്രശേഖർ റാവുവിന് വോട്ട് നേടിക്കൊടുത്ത 'ഋതുബന്ധു" എന്ന പദ്ധതി കേന്ദ്രബഡ്ജറ്റിലും ശരണമാർഗമായി പകർത്താനാണ് സാദ്ധ്യത. ഏക്കറൊന്നിന് രണ്ടുപ്രാവശ്യം നാലായിരം രൂപവീതം ഒരുവർഷം കർഷകന്റെ കൈയിൽ നേരിട്ട് ഏൽപ്പിക്കുന്ന പദ്ധതിയാണിത്. ഗ്രാമീണ മേഖലയ്ക്ക് ഇപ്പോൾ സർക്കാർ ചെലവഴിക്കുന്നത് മൊത്തം പൊതുചെലവിന്റെ 5-6 ശതമാനം മാത്രമായിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഖലയിൽ അധിക മുതൽമുടക്ക് അനിവാര്യമായിത്തീർന്നിരിക്കുന്നു. ആ വഴിക്കുള്ള കൂടുതൽ പരിപാടികളും ബഡ്ജറ്റിൽ ഉണ്ടാകേണ്ടതുണ്ട്.
ലോകത്ത് ഏറ്റവും ഉയർന്ന യുവജനസംഖ്യയുള്ള നാടായതുകൊണ്ടുതന്നെ തൊഴിലവസരസൃഷ്ടി ആവശ്യത്തിനൊത്ത് ഉയരാതിരിക്കുന്നത് വലിയ വ്യഥയാകുന്നു. ഒാരോ വർഷവും പുതിയതായി ഒരുകോടിയിൽപ്പരം യുവാക്കൾ തൊഴിൽക്കമ്പോളത്തിൽ എത്തുന്നത് കണക്കിലെടുത്താണ് എല്ലാവർഷവും പുതുതായി രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഇപ്പോഴത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തൊഴിലവസരങ്ങൾ മന്ദഗതിയിൽ മാത്രം വർദ്ധിച്ചത് തൊഴിലില്ലായ്മനിരക്ക് ഉയർന്ന് കയറാൻ കാരണമായി. ദേശീയ ഉത്പാദനത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രം സംഭാവന ചെയ്യുന്ന കാർഷിക മേഖല 40 ശതമാനത്തിൽ കൂടുതൽ ജനം ആശ്രയിക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ ഇൗ മേഖലയിൽ പുതിയ തൊഴിൽ സൃഷ്ടിക്കുള്ള സാദ്ധ്യതകൾ പരിമിതമാകുന്നു. യഥാർത്ഥത്തിൽ വേണ്ടത് ഇൗ രംഗത്തുള്ളവരെ മറ്റു മേഖലകളിലേക്ക് മാറ്റാനുള്ള സാഹചര്യം ഒരുക്കുകയാണ്. സേവന മേഖലയ്ക്ക് തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെങ്കിലും വമ്പൻ തൊഴിൽദാനത്തിന് അതിനുമാകില്ല. (53 ശതമാനം വരുമാനം സൃഷ്ടിക്കുന്ന സേവന മേഖലയ്ക്ക് 33 ശതമാനം പേരെ മാത്രമേ പോറ്റാൻ കഴിയുന്നുള്ളൂ). തൊഴിൽ സൃഷ്ടിക്ക് കെല്പുള്ള വേദി വ്യവസായരംഗത്തെ ഭൗതിക ഉത്പന്നങ്ങളുടെ മേഖല തന്നെയാണ്. പക്ഷേ ഇൗ വിഭാഗമിന്ന് വളർച്ചയുടെ പാതയിലല്ല. തുണി, നിർമ്മാണ സാമഗ്രികൾ തുടങ്ങിയ രംഗങ്ങൾ സ്വകാര്യ നിക്ഷേപ-വരൾച്ച നേരിടുകയാണ്. ഇത്തരം തൊഴിൽദാതാക്കളായ മേഖലകളെ കണ്ടെത്തി അവിടങ്ങളിൽ നിക്ഷേപം ഉത്തേജിപ്പിക്കാനുള്ള നീക്കം ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതുപോലെതന്നെ, ഉദിച്ചുയരുന്ന നാലാം വ്യവസായ വിപ്ളവത്തിന്റെ തൊഴിൽ സാദ്ധ്യതകൾ വിനിയോഗിക്കാൻ പാകത്തിൽ യുവജനതയെ സജ്ജരാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ബ്ളോക്ക് ചെയിൻ, ക്ളൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റാ അനാലിസിസ്, തെറാപ്യൂട്ടിക്സ് തുടങ്ങിയ സങ്കേതങ്ങളും അവയുടെ സംഗമങ്ങളും ചേർന്നൊരുക്കുന്ന പുതിയ വിപ്ളവത്തിന്റെ വിശിഷ്ടവിഭവം തീവ്രനൈപുണ്യമുള്ള തൊഴിൽ ശക്തിയാകുന്നു. അവരെ വാർത്തെടുക്കാൻ പാകത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ഉയരേണ്ടതുണ്ട്. അതിന് താങ്ങാവുന്ന പരിപാടികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് കരുതാം. ചുരുക്കത്തിൽ, ഇൗ ഇലക്ഷൻ കാലത്ത് വരാൻപോകുന്നത് ഒരു തട്ടുതകർപ്പൻ ബഡ്ജറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കാം.