george-fernandez

ന്യൂഡൽഹി: മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും സോഷ്യലിസ്‌റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മംഗലാപുരം സ്വദേശിയാണ്. വാജ്‌പേയ് സർക്കാരിന്റെ കാലത്താണ് ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയായി ചുമതല വഹിച്ചിരുന്നത്. ഇക്കാലയളവിലാണ് ഇന്ത്യ പൊഖ്‌റാനിൽ അഞ്ചോളം ആണവ പരീക്ഷണങ്ങൾ നടത്തിയത്.

1967ലാണ് ജോർജ് ഫെർണാണ്ടസ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് പ്രതിരോധത്തിന് പുറമെ നിരവധി തവണ റെയിൽവേ, വ്യവസായ വകുപ്പുകളുടെ മന്ത്രിയായി. അടിയന്തരാവസ്ഥയെ തുടർന്ന് അറസ്‌റ്റിലായ ജോർജ് ഫെർണാണ്ടസ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ജനതാ സർക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

കൊങ്കൺ റെയിൽവേ യാഥാർത്ഥ്യമാക്കുന്നതിൽ ജോർജ് ഫെർണാണ്ടസ് വഹിച്ച പങ്ക് പ്രശംസനീയമായിരുന്നു. അൽഷിമേഴ്സും പാർക്കിൻസൺസ് രോഗവും ബാധിച്ചതോടെ 2010ൽ ഫെർണാണ്ടസ് പൊതുരംഗം വിട്ടു.