അലിഗഢ്: നടൻമാരായ നസ്റുദ്ദീൻ ഷാ, ആമിർ ഖാൻ എന്നിവർ രാജ്യദ്രോഹികളാണെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇരുവരും മികച്ച അഭിനേതാക്കളായിരിക്കാം എന്നാൽ, രാജ്യദ്രോഹികളായതിനാൽ ബഹുമാനം അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അലിഗഢിൽ നടന്ന പൊതുപരിപാടിയിലാണ് ഇന്ദ്രേഷ് ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങളായ അജ്മൽ കസബ്, യാക്കൂബ് മേമൻ, ഇഷ്റത്ത് ജഹാൻ തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് വേണ്ട. അജ്മൽ കസബിന്റെ പാതയിൽ നടക്കുന്നവരെ രാജ്യദ്രോഹിയായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിനാവശ്യം മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിനെപ്പോലെയുള്ള മുസ്ലീമിനെയാണെന്നും പ്രസംഗത്തിനിടെ ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഇതാദ്യമായല്ല സംഘപരിവാറിന്റെ രാജ്യദ്രോഹി പരാമർശത്തിന് നസറുദ്ദീൻ ഷാ ഇരയാകുന്നത്. ബുലന്ദ്ഷഹറിൽ ഇൻസ്‍പെക്ടർ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനേക്കാളും പ്രാധാന്യം പശുക്കൾക്ക് കൊടുക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് നസറുദ്ദീൻ ഷാ പ്രതികരിച്ചിരുന്നു.
ഇതോടെ ബി.ജെ.പി ആർ.എസ്.എസ് രാജ്യദ്രോഹിയെന്നായിരുന്നു നസറുദ്ദീൻ ഷായെ വിളിച്ചത്. ഉത്തർപ്രദേശ് ബി.ജെ.പി ചീഫ് മഹേന്ദ്രനാഥ് പാണ്ഡേയും നസറുദ്ദീൻ ഷായ്ക്കെതിരെ ഈയടുത്ത് വിമർശനമുന്നയിച്ചിരുന്നു. നസറുദ്ദീൻ ഷാ 1999ൽ അഭിനയിച്ച 'സർഫാരോഷി'ലെ പാക്കിസ്ഥാനി ചാരപ്രവർത്തകനെന്ന കഥാപാത്രമായി വളരുകയാണെന്നായിരുന്നു പാണ്ഡേയുടെ പ്രതികരണം.