yogi

പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിൽ കുംഭമേള നടക്കുന്ന സ്ഥലത്ത് മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. യോഗത്തിന് ശേഷം അദ്ദേഹം ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതാദ്യമായാണ് യോഗിയുടെ മന്ത്രിസഭായോഗം ലക്‌നൗവിന് പുറത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കുംഭമേള നടക്കുന്നതിനിടയിൽ മന്ത്രിസഭാ യോഗം ചേരുന്നത് മേളയുടെ ആവേശം കൂട്ടുന്നതിനൊപ്പം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കൂടി മുന്നിൽ കണ്ടാണ്. കഴിഞ്ഞ പാർലമെന്ററി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഹൃദയഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ നഷ്ടം പാർട്ടിയെ കനത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഉത്തർപ്രദേശിലെ 80സീറ്റുകളാണ് രാജ്യ തലസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. എന്നാൽ അടുത്തിടെ മായാവതിയും അഖിലേഷ് യാദവും ചേർന്ന് എസ്.പി-ബിഎസ്പി സഖ്യം ചേർന്നതും ബി.ജെ.പിയുടെ പ്രതീക്ഷകൾ തകിടം മറിക്കുകയാണ്.

കൂടാതെ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും ബി.ജെ.പി ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിയോജകമണ്ഡലമായ വാരണാസിയും യോഗിയുടെ ഗോരക്പൂരും കോൺഗ്രസ് ജനറൽ സെക്രട്ടറിയായി അധികാരമേറ്റ പ്രിയങ്കയുടെ മേൽനോട്ട ചുമതലയുള്ള പ്രദേശമാണ്. എന്നാൽ കുംഭമേള നടക്കുന്ന സ്ഥലം ബി.ജെ.പി ക്യാമ്പെയിൻ നടത്താനുള്ള ഒരു പ്രധാന സ്ഥലമായി ഉപയോഗിക്കാനാണ് യോഗിയുടെ പദ്ധതി. അതിനായി കുംഭമേള തുടങ്ങുന്നതിന് രണ്ടാഴ്ച മുൻപായി അലഹബാദിന്റെ പേര് മാറ്റി 'പ്രയാഗ്‌രാജ്' എന്നാക്കിയിരുന്നു. കൂടാതെ​ കുംഭമേളക്കായി 4200കോടി രൂപ അനുവദിച്ചതും ഇതേ രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ നേതാക്കൻമാരും കുംഭമേളയിൽ പങ്കെടുക്കാനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അഖിലേഷ് യാദവ് ദിവസങ്ങൾക്ക് മുൻപ് കുംഭമേളയ്ക്ക് എത്തുകയും സ്നാനം നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും മാർച്ച് മാസത്തിന് മുൻപ് തന്നെ ഇവിടം സന്ദർശിക്കുമെന്നാണ് വിവരം. ലക്‌നൗവിന്റെ ചുമതല ഏൽക്കുന്നതിന് മുൻപായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇവിടെ സന്ദർശനം നടത്തും.