ram-temple-construction

ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചതായി ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ. തർക്കത്തിൽ പെടാത്ത 67 ഏക്കർ ഭൂമി എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദം സുപ്രീം കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ‌്നാ‌ഥ് സിംഗുമായി താൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് രാമക്ഷേത്ര നിർമാണം തുടങ്ങാൻ സുപ്രീം കോടതി അനുമതി നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമാണത്തിന് അനുമതി തേടി പ്രതിരോധ സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്.

രാമക്ഷേത്ര നിർമാണം മോദി സർക്കാരിന്റെ കാലത്ത് തന്നെ തുടങ്ങണമെന്ന് തീവ്ര ഹിന്ദു ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നതിനിടെയിലാണ് ക്ഷേത്ര നിർമാണത്തിന് അനുമതി തേടി സർക്കാർ കോടതിയിലെത്തിയത്. അതേസമയം, രാമക്ഷേത്ര നിർമാണത്തിന് കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത് വരെ കാത്തിരിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കോടതികൾ എത്രയും പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്നും ഇതിന് കോൺഗ്രസ് തടസം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.