ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കാര്യപ്രാപ്തിയുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് പറയാൻ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.സമർത്ഥനും സത്യസന്ധനുമാണ്.കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെ.ജി.എം.ഒ.എ) സംസ്ഥാന സമ്മേളനത്തിൽ മുഖ്യതിഥിയായി പങ്കെടുക്കവേ രാജീവ് സദാനന്ദൻ നടത്തിയ ചില പരാമർശങ്ങൾ അദ്ദേഹം കൂടി പ്രതിനിധാനം ചെയ്യുന്ന ഐ.എ.എസ് സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.കെ.ജി.എം.ഒ.എ സമ്മേളനത്തിൽ പലവട്ടം ക്ഷണിക്കപ്പെട്ടിട്ടും വരാതെ ഇക്കുറി വന്നതിന്റെ കാരണം പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്.വരുന്ന മേയിൽ താൻ സർവ്വീസിൽ നിന്ന് വിരമിക്കും.അപ്പോൾ പിന്നീട് ഇങ്ങനെയൊരു അവസരം വന്നെന്നു വരില്ല.മാത്രമല്ല ആരോഗ്യവകുപ്പിൽ ഇത്രയും ദീർഘകാലം വിവിധ പദവികളിൽ അതായത് അഡീഷണൽ സെക്രട്ടറി,സ്പെഷ്യൽ സെക്രട്ടറി ,സെക്രട്ടറി,പ്രിൻസിപ്പൽ സെക്രട്ടറി ,അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങി എല്ലാ പദവികളും വഹിച്ച മറ്റൊരു ഉദ്യോഗസ്ഥൻ ഉണ്ടോയെന്നും സംശയമാണ്.ആ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പലകാര്യങ്ങളും ചൂണ്ടിക്കാട്ടിയത്.
ആദ്യകാല കെ.ജി.എം.ഒ.എ നേതാക്കളും ഇന്നത്തെ നേതാക്കളും തമ്മിലുള്ള അന്തരത്തെപ്പറ്റിയാണ് രാജീവ് സദാനന്ദൻ ആദ്യം തുറന്നടിച്ചത്.അന്ന് അവകാശങ്ങൾക്കുവേണ്ടി നിൽക്കുമ്പോഴും എല്ലാ മാറ്റങ്ങൾക്കും ഒപ്പം കെ.ജി.എം.ഒ.എ നിലകൊണ്ടിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.എന്നാൽ ഇന്ന് അംഗങ്ങൾ മാറ്റങ്ങൾക്കാെപ്പം നിൽക്കുമ്പോൾ സംഘടനാ നേതൃത്വം മുഖം തിരിക്കുകയാണ്.ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ സംഘടന ഒറ്റപ്പെടും എന്ന് മുന്നറിയിപ്പ് നൽകിയ രാജീവ് സദാനന്ദൻ തുടർന്ന് നടത്തിയ വെളിപ്പെടുത്തലായിരുന്നു കൗതുകകരം.മാറ്റങ്ങൾ വരുമ്പോൾ,പ്രത്യേകിച്ചും വികസന കാര്യത്തിൽ പൊതുവേ അതിന് തുരങ്കം വയ്ക്കുന്നത് ഐ.എ.എസ് കാരടങ്ങുന്ന ഉദ്യോഗസ്ഥ സമൂഹം ആണെന്നായിരുന്നു തന്റെ ദീർഘകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലെന്നോണം അദ്ദേഹം തുറന്നു പറഞ്ഞത്.(എല്ലാവരുമല്ല.ഒരു ചെറിയ വിഭാഗം.)സമ്മേളനത്തിന്റെ സമാപന പൊതുയോഗമാണെന്ന് പെട്ടെന്ന് ഓർത്തിട്ട് അദ്ദേഹം ഇങ്ങനെ കൂടെ പറഞ്ഞു.ഇവിടെ പത്രക്കാരാരും ഇല്ലല്ലോ...ഉണ്ടെങ്കിൽ ഇത് കൊടുക്കരുതെന്ന അഭ്യർത്ഥനയും നടത്തി.അഭിമുഖത്തിലോ പത്രസമ്മേളനങ്ങളിലൊ പറഞ്ഞ കാര്യം കൊടുക്കരുതെന്ന് അഭ്യർത്ഥിച്ചാൽ പൊതുവെ പത്രക്കാർ കൊടുക്കില്ല.എന്നാൽ ഈ ചാനൽ യുഗത്തിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്ന കാര്യങ്ങൾ കൂടി കൊടുക്കാതിരുന്നാലോ...കഞ്ഞികുടി മുട്ടിപ്പോകില്ലേ..അധികം പത്രക്കാരാരും അവിടെ ഉണ്ടായിരുന്നില്ല.വന്നവരാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന അക്ഷരം പ്രതി അനുസരിച്ചിട്ടുണ്ടാകാം.അതിനും സാധ്യതയില്ല.കാരണം അദ്ദേഹം പറഞ്ഞ ഒരു കാര്യവും മാധ്യമങ്ങളിൽ വന്നിരുന്നില്ല.
രാഷ്ട്രീയ പക്ഷപാതം പുലർത്താതെ ഇപ്പോഴും പിടിച്ചു നിൽക്കാൻ കഴിയുന്നതിന് കെ.ജി.എം.ഒ.എയെ അഭിനന്ദിക്കാനും മറന്നില്ല അദ്ദേഹം.താൻ സർവ്വീസിൽ നിന്ന് വിരമിക്കാൻ പോകുന്ന വിവരം കേട്ട കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി ശ്രംഖലയുടെ ഉടമയുടെ മുഖത്ത് തെളിഞ്ഞ ആശ്വാസത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.ആരോഗ്യവകുപ്പിൽ തുടർന്ന് ഉണ്ടാവില്ലല്ലോയെന്ന് ആ ഉടമ ആവർത്തിച്ചു ചോദിച്ചുവത്രെ.