ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ആർ.എസ്.എസ് നേതാവായ ഹിമ്മത്ത് പാട്ടീദാറിന്റെ കൊലപാതകം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. നിരവധി കുത്തുകളേറ്റ് മുഖം കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാനത്ത് ഏറെ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഹിമ്മത്ത് പാട്ടീദാർ മരിച്ചിട്ടില്ലെന്നും പകരം തന്റെ കൃഷിയിടത്തിലെ ജോലിക്കാരനായ മദൻ മാളവ്യയുടെ മൃതദേഹമാണ് ഇയാൾ തന്റേതെന്ന പേരിൽ കൊണ്ടിട്ടതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഒരുപക്ഷേ ഹിമ്മത്ത് തന്നെയാകും ഈ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
മറ്റൊരു സുകുമാരക്കുറുപ്പ്?
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി തന്റെ മരണം കൃത്രിമമായി ഉണ്ടാക്കിയ സുകുമാരക്കുറുപ്പ് എന്നയാളെ ഇതുവരെയും പിടിക്കാൻ കേരള പൊലീസിനായിട്ടില്ല. ഏതാണ്ട് സമാന സംഭവമാണ് മദ്ധ്യപ്രദേശിലും ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. വൻ കടക്കെണിയിലായ ഹിമ്മത്ത് ഇതിൽ നിന്നും രക്ഷപ്പെടാൻ 20 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് എടുത്തിരുന്നു. ഈ തുക ലഭിക്കാൻ വേണ്ടിയാണ് തന്റെ ജീവനക്കാരനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. മൃതദേഹം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വസ്ത്രങ്ങളും ധരിപ്പിച്ചു. തന്റെ ബൈക്കും ഇവിടെ കൊണ്ടിട്ടു.
ജനുവരി 23ന് മരണം
കഴിഞ്ഞ 23നാണ് തന്റെ മകന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടുവെന്ന് ഹിമ്മത്തിന്റെ പിതാവ് പൊലീസിനെ അറിയിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് വിശദമായ പരിശോധന നടത്തി. അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയോഗിച്ചു. മൃതദേഹത്തിൽ നിന്നും ഹിമ്മത്തിന്റെ ഐ.ഡി കാർഡ്, ആധാർ, എ.ടി.എം എന്നിവയും ലോൺ, ഇൻഷുറൻസ് തുടങ്ങിയവ രേഖപ്പെടുത്തിയ ഡയറിയും ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തിയ പൊലീസിന് കൊലപാതകം നടന്ന ദിവസം ഹിമ്മത്തിന്റെ ജോലിക്കാരൻ മദൻ മാളവ്യയുടെ തിരോധാനത്തിൽ സംശയം തോന്നി. തുടർന്ന് ഈ രീതിയിലായി അന്വേഷണം. ഇതിനിടിയിൽ മദൻ മാളവ്യയുടെ ചെളിയിൽ പുതഞ്ഞ വസ്ത്രവും ചെരിപ്പും സംഭവസ്ഥലത്തിന് 500 മീറ്റർ ദൂരത്തിൽ നിന്നും ലഭിച്ചു. ഇത് ഇയാളുടെ കുടുംബം തിരിച്ചറിഞ്ഞതോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു.
എല്ലാം നേരത്തെ പ്ലാൻ ചെയ്‌തു
കൊലപാതകം നടക്കുന്ന ദിവസം നാലര വരെ ഹിമ്മത്തിന്റെ മൊബൈൽ ഫോൺ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാൽ ഫോൺ രേഖകളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടത് സംശയം വർദ്ധിപ്പിച്ചു. മൃതദേഹത്തിന്റെ പോസ്‌റ്റ് മോർട്ടത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടന്നതെന്നും ആളെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചതായും വ്യക്തമായി. എന്നാൽ മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രം മദൻ മാളവ്യയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞതോടെ സംഭവം കീഴ്‌മേൽ മറിഞ്ഞു.തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിലും മൃതദേഹം മദൻ മാളവ്യയുടേതാണെന്ന് ബോധ്യമായി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയാണ് ഹിമ്മത്ത് ഈ കൊലപാതകം ചെയ്‌തതെന്നും പൊലീസ് കണ്ടെത്തി. അതേസമയം, ഹിമ്മത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10,000 രൂപ ഇനാം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.