kapil-dev

ന്യൂഡൽഹി: 'ബൗളറെന്ന നിലയ്‌ക്ക് സുഗമവും വേഗം കൂടിവരുകയും ചെയ്യുന്ന റൺ- അപ്പ്, അതിനുശേഷമുള്ള ഉയർന്നു ചാടിയുള്ള പന്തേറ്, ക്രീസിൽ കുത്തിയുയരുന്ന ഔട്ട് സ്വിങ്ങറുകൾ, ഇടയ്‌ക്കിടെയുള്ള ഓഫ്-കട്ടറും മൂർച്ചയേറിയ ബൗൺസറുകളും. ക്രീസിൽ ബാറ്റ് കൊണ്ട് അർധവൃത്തം തീർക്കുന്ന കരുത്തും റേഞ്ചുമുള്ള സ്ട്രോക്കുകൾ, ഫീൽഡിൽ പാദങ്ങളുടെ ഉറപ്പ്, പിന്നെ ശക്തവും കൃത്യവും വളരെ വളരെ സുരക്ഷിതമായ കരങ്ങളും. കരുത്തുറ്റ പ്രതിഭ, ഇതെല്ലാം കുടിയിരിക്കുന്നത് എക്കാലത്തും മികച്ച ക്രിക്കറ്ററായിരുന്ന ഇന്ത്യയ്‌ക്ക് ആദ്യ ലോക കീരീടം സമ്മാനിച്ച കപിൽ ദേവിലാണെന്നാണ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇതുവരെ ജനിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് താരമായാണ് താൻ കപിലിനെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രമുഖ വാരികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുല്യതയില്ലാത്ത ഓൾറൗണ്ട് ശേഷികൾ കാരണമാണ് രാജ്യത്തിതുവരെ ജനിച്ച ഏറ്റവും മികച്ച ക്രിക്കറ്ററായി കപിൽദേവിനെ താൻ വിലയിരുത്തുന്നതെന്ന് രാമചന്ദ്ര ഗുഹ പറയുന്നു. ഈ പദവിക്ക് അവകാശമുന്നയിക്കാൻ കഴിവുള്ള മറ്റൊരാളുണ്ടെങ്കിൽ അത് സച്ചിൻ തെണ്ടുൽക്കറോ വിരാട് കൊഹ്‌ലിയോ അല്ല. ആ താരം വിനു മങ്കാദാണ്.

ബുദ്ധിമാനായ അറ്റാക്കിങ് ബാറ്റ്സ്‌മാനും ഇടംകൈയൻ സ്‌പിന്നറുമായ വിനു മങ്കാദിന് കപിലിനെപോലെ രണ്ടുതരത്തിലും ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനായി. നല്ലൊരു ഫീൽഡർ കൂടിയായിരുന്നു മങ്കാദ്. ക്രിക്കറ്റിന്റെ കാര്യത്തിൽ തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് ജനിച്ച വ്യക്തിയായിരുന്നു വിനു മങ്കാദ്. ക്രിക്കറ്ററായി മങ്കാദ് പൂർണ പക്വത നേടിയ 22-ാം വയസിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആറു വർഷം കഴിഞ്ഞ് യുദ്ധം സമാപിച്ച ശേഷവും ഒരു പതിറ്റാണ്ടത്തെ ക്രിക്കറ്റ് ജീവിതം അദ്ദേഹത്തിന് ലഭിച്ചു.

അന്ന് ഇന്ത്യ വളരെക്കുറച്ച് അന്താരാഷ്ട്ര മത്സരങ്ങളിലേ പങ്കെടുക്കാറുള്ളൂ. അതിനാൽ 44 ടെസ്റ്റ് മത്സരങ്ങൾ കളിക്കാനേ മങ്കാദിന് അവസരം ലഭിച്ചുള്ളൂ. ലോകമഹായുദ്ധം സംഭവിക്കാതിരിക്കുകയും ടീം ഇന്നത്തേതുപോലെ വർഷത്തിൽ പത്തിലേറെ ടെസ്റ്റുകൾ കളിക്കുകയും ചെയ്‌തിരുന്നെങ്കിൽ വിനോദ് മങ്കാദ് എവിടെയെത്തുമായിരുന്നു? ഇന്നത്തേതുപോലെ ക്രിക്കറ്റിന്റെ ചെറുരൂപങ്ങൾ അന്നുണ്ടായിരുന്നെങ്കിൽ മങ്കാദ് അതിലും കഴിവ് തെളിയിച്ചേനെ. അക്കാര്യത്തിൽ കപിൽ ഭാഗ്യവാനായിരുന്നു, എല്ലായിടത്തും മികവ് കാട്ടുകയും ചെയ്‌തു. അതുകൊണ്ടാണ് എല്ലാ കാലത്തെയും മഹത്തായ ഇന്ത്യൻ ക്രിക്കറ്ററായി താൻ കപിലിനെ നാമനിർദേശം ചെയ്യുന്നത്, രാമചന്ദ്ര ഗുഹ കൂട്ടിച്ചേർത്തു.

വിനു മങ്കാദ്?

മുൽ‌വന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് എന്ന വിനു മങ്കാദ് ഇന്ത്യൻ ക്രിക്കറ്ററായിരുന്നു. ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം അഞ്ചു ടെസ്റ്റ് സെഞ്ചുറികളടക്കം 2109 റൺസും 162 വിക്കറ്റ് നേടി. ബോൾ ചെയ്യുന്നതിനിടെ ക്രീസിൽ നിന്നു പുറത്തേക്കു പോയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ആദ്യമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു ക്രിക്കറ്ററെ പുറത്താക്കുന്നതിന് മങ്കാദഡ് എന്ന് വിളിക്കുന്നു.