rahul-gandhi-to-contest-f

തിരുവനന്തപുരം: ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഉത്തർപ്രദേശിലെ അമേത്തിയിൽ കൂടാതെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ അത് കേരളത്തിലായിരിക്കുമെന്ന് സൂചന. കേരളത്തിൽ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലൊന്നായ വയനാട് സീറ്റ് രാഹുലിനായി സംസ്ഥാന ഘടകം മാറ്റിവയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തെക്കുറിച്ച് അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. രാഹുൽ ഇന്ന് കൊച്ചിയിൽ എത്തുമ്പോൾ ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ നടന്നേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്.

അമേത്തിയിൽ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അവിടെ കടുത്ത മത്സരമാകും അരങ്ങേറുക. തുടർന്നാണ് ഒരു സുരക്ഷിത മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അത് കേരളത്തിലെ വയനാട് മണ്ഡലത്തിൽ എത്തി നിൽക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. ഇക്കാര്യം നേരത്തെയും 'ഫ്ളാഷ്' ചൂണ്ടിക്കാട്ടിയിരുന്നു.

വയനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സംസ്ഥാനത്തെ പല നേതാക്കളുടെ പേരുകളും ഉയർന്നിരുന്നു. എന്നാൽ, ഇതൊന്നും സ്ഥിരീകരിക്കാനോ വയനാടിനുവേണ്ടി കാര്യമായ അവകാശവാദം ഉന്നയിക്കാനോ നേതാക്കൾ തയാറല്ല. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുമെന്നത് കൊണ്ടാണിതെന്നാണ് അഭ്യൂഹം. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ സംസ്ഥാനത്ത് കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലും നേതാക്കൾക്കുണ്ട്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളും മത്സരിക്കുമെന്ന സൂചന വരുന്നുണ്ട്. അങ്ങനെ പരമാവധി സീറ്റുകൾ കേരളത്തിൽ നിന്ന് നേടാനാണ് നേതൃത്വത്തിന്റെ ശ്രമം.

രാഹുലുമായി ഇന്ന് ചർച്ച

ഇന്ന് വൈകിട്ട് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി നേതൃസംഗമത്തിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി എത്തുമ്പോൾ കോൺഗ്രസിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ സംബന്ധിച്ച പ്രാഥമിക ചർച്ചയും ഉണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര തുടങ്ങുന്നതിന് മുമ്പ് സ്ഥാനാർത്ഥി പട്ടികയെ സംബന്ധിച്ച ധാരണയുണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

ചില സീറ്റുകളിൽ ധാരണ?

അതേസമയം, ചില സീറ്റുകളിൽ സ്ഥാനാർത്ഥികളെക്കുറിച്ച് അഭ്യൂഹം ശക്തമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയം സീറ്രിൽ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. പകരം കേരള കോൺഗ്രസ് മാണിഗ്രൂപ്പിന് ഇടുക്കി സീറ്റ് നൽകും. മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നൽകിയതിനാൽ ഈ സീറ്രിനുള്ള അവകാശ വാദം മാണി ഗ്രൂപ്പിലെ ജോസഫ് വിഭാഗം ഉന്നയിക്കുന്നുണ്ട്. പി.ജെ.ജോസഫ് ആയിരിക്കും ഇടുക്കിയിലെ സ്ഥാനാർത്ഥി എന്നറിയുന്നു. അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജോസഫ് ആണ് സ്ഥാനാർത്ഥിയെങ്കിൽ ജയിച്ചാൽ ഒഴിവു വരുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ മകനെ സ്ഥാനാർത്ഥിയാക്കിയേക്കും.

കാസർകോട് കെ.പി.സി.സി അംഗം സുബ്ബയ്യറായിയും കണ്ണൂരിൽ കെ.സുധാകരനും ചാലക്കുടിയിൽ വി.എം. സുധീരനും ആറ്രിങ്ങലിൽ അടൂർപ്രകാശും സ്ഥാനാർത്ഥികളാകുമെന്നാണ് സൂചന. വടകരയിൽ മുല്ലപ്പള്ളിക്ക് പകരം ടി.സിദ്ദീഖ് സ്ഥാനാർത്ഥിയായേക്കും.