sfi-workers-attacked-poli

തിരുവനന്തപുരം: ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാതെ പൊലീസ്. സംഭവത്തിൽ മുഖ്യപ്രതിയായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നസീമിനെ പിടിക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. എന്നാൽ മന്ത്രിമാർ അടക്കം പങ്കെടുക്കുന്ന ചടങ്ങിൽ പൊലീസുകാർ നോക്കി നിൽക്കെ ഇയാൾ വിലസുന്നുമുണ്ട്. അപ്പോഴും ഇയാളെ പിടിക്കാത്തതിന് കാരണമായി പറയുന്നത് ഒളിവിലാണെന്നാണ്. ഇത് കേസ് ഒതുക്കിത്തീർക്കാനുള്ള പൊലീസിന്റെ ശ്രമമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 1നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം പാളയം പള്ളിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്.എഫ്‌.ഐ സംഘം ക്രൂരമായി മർദിച്ചത്.ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേൺ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരൻ അമൽകൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസുകാരനുമായി തർക്കിച്ച യുവാവ് യൂണിഫോമിൽ പിടിച്ച് തള്ളി. ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികൻ ഫോൺചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാർത്ഥികൾ പാഞ്ഞെത്തി. ഇവർ എത്തിയ ഉടൻ രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു.

സംഭവം വിവാദമായതോടെ കേസെടുത്ത പൊലീസ് നാല് പ്രതികളെ പിടികൂടിയെങ്കിലും പിന്നീട് കേസ് മന്ദഗതിയിലായി. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മർദ്ദനമേറ്റ പൊലീസുകാരുടെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒളിവിലാണെന്ന് പറയുന്ന പ്രതികളുടെ പേരിൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് തയ്യാറായിട്ടില്ല.